തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് നടത്തിയത് നരനായാട്ടെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സമാധാന അന്തരീക്ഷത്തില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് മനഃപൂർവം അക്രമമുണ്ടാക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അടക്കം തല്ലിച്ചതച്ചു. സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന ധിക്കാര നിലപാടാണ് പൊലീസിന്. മനുഷ്യത്വമില്ലാതെ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണം. വരുംദിവസങ്ങളില്‍ സംസ്ഥാനത്താകെ സമരം വ്യാപിപ്പിക്കുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ച് വൻ സംഘർഷത്തിലാണ് കലാശിച്ചത്. സമരക്കാരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ തെരുവുയുദ്ധമാണ് അരങ്ങേറിയത്. സമരക്കാർക്ക് നേരെ പൊലീസ് പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘടിച്ചുനിന്ന പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേർക്ക് പരിക്കേറ്റു.
നജീബ് കാന്തപുരം എം.എൽ.എ, യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ഭാരവാഹികളായ പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ, എം.എസ്.എഫ് ഭാരവാഹികളായ പി.കെ. നജാഫ്, അഫ്നാസ് ചോറോട്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഭിന്നശേഷിക്കാരനുമായ കെ.പി.എം. സലീം തുടങ്ങി 35ഓളം പേർക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. 28 സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ സമരക്കാരും പൊലീസും തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉൾപ്പെടെയുള്ളവർ നിർദേശം നൽകുന്നുണ്ടായിരുന്നു. നേതാക്കൾ മടങ്ങിയതിന് പിന്നാലെ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. പൊലീസുമായി ഉന്തും തള്ളും തുടങ്ങി.
സമരക്കാർ പൊലീസിന് നേരെ കുപ്പിയും വടിയും വലിച്ചെറിയാൻ തുടങ്ങി. പിന്നാലെ കല്ലേറും തുടങ്ങി. ഇതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. കണ്ണിൽ കണ്ടവരെ മുഴുവൻ പൊലീസ് വളഞ്ഞിട്ടുതല്ലി. സമരക്കാരെ പുളിമൂട് ഭാഗത്തേക്കും പാളയം ഭാഗത്തേക്കും സ്റ്റാച്യൂ -ജനറൽ ആശുപത്രി റോഡിലൂടെയും പൊലീസ് വിരട്ടിയോടിച്ചു. സമീപത്തെ കടകളിൽ കയറിയവരെ പൊലീസ് പിടിച്ചിറക്കി അടിച്ചോടിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. സമരക്കാർ പിരിഞ്ഞുപോകാതെ വന്നതോടെ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
കണ്ണീർവാതകം ശ്വസിച്ച് യൂത്ത്ലീഗ് പ്രവർത്തകർക്കും തൊട്ടടുത്ത സമരപ്പന്തലിൽ ഉണ്ടായിരുന്ന സ്ത്രീകൾക്കും വഴിയാത്രക്കാർക്കും ഉൾപ്പെടെ ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും നേരിട്ടു. ഇവരിൽ ചിലരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെയാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. ഇത്രയും സമയം എം.ജി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.