തിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾ തണുപ്പിക്കാൻ ഫീൽഡ് സർവേ ഉൾപ്പെടെ പുരോഗമിക്കവെ ജനുവരി അഞ്ചിനകം വനംവകുപ്പ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യും. ജനുവരി അഞ്ചിനകം തല്‍സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ജനുവരി 11ന് കേസ് പരിഗണിക്കുമ്പോള്‍ നിലവിലെ വിഷയങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. അഡ്വക്കറ്റ് ജനറല്‍, സുപ്രീംകോടതി സ്റ്റാൻഡിങ് കോണ്‍സല്‍, കേരളം നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന് എന്നിവരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ കേരളത്തിന് കക്ഷി ചേരണമെങ്കിൽ ഇതുവരെയുള്ള നടപടിക്രമങ്ങള്‍ കോടതിയെ അറിയിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.
ഉപഗ്രഹ സർവേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും 2021ലെ സർവേ റിപ്പോര്‍ട്ടും ഫീൽഡ് സർവേ അടക്കം സാങ്കേതിക നടപടിക്രമങ്ങളും ഉള്‍പ്പെടെ വിവരങ്ങളാകും കോടതിയെ അറിയിക്കുക. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തി. പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം തേടുന്നതും പരിഗണിക്കുന്നുണ്ട്.
വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ അടക്കമുള്ള 49,000 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവേയില്‍ കണ്ടെത്തിയത്. എത്രത്തോളം കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഗ്രഹ സർവേ. എന്നാല്‍, മരച്ചില്ലകള്‍ മറച്ചതും മറ്റു സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടതുമായ ആയിരത്തോളം കെട്ടിടങ്ങള്‍ ഇനിയും ഉള്പ്പെടുത്താനുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍. ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്താനാകാത്തത് സംബന്ധിച്ച 20,000 ത്തോളം പരാതികളാണ് സര്‍ക്കാറിലേക്ക് ലഭിച്ചത്. ആശങ്ക ഏറിയതോടെ പരിഹാര നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമാണ് ഫീൽഡ് സര്‍വേയും ജിയോടാഗിങ്ങും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകള്‍ എടുക്കും. ഇതിനിടയില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നത് ഗുണകരമാകുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.