തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി, വിജയൻപിള്ള എം.എൽ.എയുടെ മകൻ ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച വാർത്തസമ്മേളനം ആശയക്കുഴപ്പത്തിൽ. പരാതിക്കാരനായ വിദേശപൗരൻ ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖിയുടെ അഭിഭാഷകനു വേണ്ടി തിരുവനന്തപുരം പ്രസ്ക്ലബിൽ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ച വാർത്തസമ്മേളനമാണ് നടക്കുമോ ഇല്ലയോയെന്ന സംശയത്തിലായത്.
തിങ്കളാഴ്ച വാർത്തസമ്മേളനത്തിനായി ജനുവരി 29നാണ് അഡ്വ. അരുൺ എന്ന പേരിൽ ഒരാൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ഞായറാഴ്ച വൈകീട്ട് വരെ ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ തെറ്റാണെന്നാണ് മറുപടി ലഭിക്കുന്നതെന്ന് പ്രസ്ക്ലബ്ഭാരവാഹികൾ വിശദീകരിച്ചു. അതിനിടെ തനിക്കെതിരായ വാർത്തകൾ, പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിൽനിന്ന് ഒരുകൂട്ടം മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് നൽകിയ ഹരജിയിൽ കരുനാഗപ്പള്ളി സബ്കോടതി അനുകൂല വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇൗ ഉത്തരവ് കോടതി നിർദേശാനുസരണം കേസിലെ 11ാം എതിർകക്ഷിയായി ഉൾപ്പെടുത്തിയ തിരുവനന്തപുരം പ്രസ്ക്ലബിൽ പതിപ്പിച്ചിട്ടുമുണ്ട്.
കോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ വാർത്തസമ്മേളനം നടത്തരുതെന്ന് പറയാനാകില്ലെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ പ്രതികരിച്ചു. തനിക്കെതിരെ വരുന്ന വാർത്തകൾ സംബന്ധിച്ച് ഒരു വ്യക്തി നൽകിയ ഹരജിയിൽ കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് പ്രസ് ക്ലബിൽ പതിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനം നടത്താൻ വരുന്ന വ്യക്തിയോട് കോടതി ഉത്തരവിനെപറ്റി അറിയിക്കുകയും യുക്തമായ തീരുമാനം എടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് പ്രസ്ക്ലബ് പ്രസിഡൻറും സെക്രട്ടറിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.