തിരുവനന്തപുരം: സോപ്പിട്ട് പതപ്പിച്ചും സാനിറ്റൈസറുകൾ കൈയാകെ പൂശിയും ആളുകളെ തമ്മിൽ അകറ്റി നിർത്തിയും തെരഞ്ഞെടുപ്പ് അങ്കത്തിെൻറ ഗോദയിൽ മാറ്റം പലതുണ്ടാകും. കോവിഡ് കാല കർശന നിയന്ത്രണങ്ങൾക്ക് ഒട്ടുമുണ്ടാകില്ല കുറവ്. പത്രിക സമർപ്പിക്കലും തെരഞ്ഞെടുപ്പ് പ്രചാരണവും വോെട്ടടുപ്പും വോട്ടെണ്ണലുമടക്കം മുമ്പത്തെപ്പോലെയാകില്ല ഒന്നും.
എല്ലായിടത്തും സാമൂഹിക അകലത്തിെൻറ ചാട്ടവാറുമായി ഉദ്യോഗസ്ഥർക്ക് പുറമെ, പൊലീസും അണിനിരക്കും. പത്രിക സമർപ്പണം തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ ഒാൺലൈൻ വഴി നടത്താം. പണമടക്കേണ്ടതും ഓൺലൈനിൽതന്നെ. നേരിട്ട് പത്രിക നൽകാനാണെങ്കിൽ സ്ഥാനാർഥിയോടൊപ്പം രണ്ടുപേരേ പാടുള്ളൂ. വാഹനങ്ങളും രണ്ടിലേറെ പാടില്ല. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുംവരെ പോളിങ് ഉദ്യോഗസ്ഥരും ബൂത്തിലുള്ളവരും മാസ്ക് അഴിക്കാനേ പാടില്ല. ഇല്ലാത്തവർക്ക് നൽകാനായി മാസ്ക് ബൂത്തിൽ കരുതണം. ശരീരോഷ്മാവ് പരിശോധിച്ചേ പോളിങ് ബൂത്തിേലക്ക് കയറാനാവൂ. പനിയുടെ ലക്ഷണം കണ്ടാൽ, രണ്ടുതവണ കൂടി ഊഷ്മാവ് പരിശോധിക്കും. പനി സ്ഥിരീകരിച്ചാൽ വോട്ടർക്ക് ടോക്കൺ നൽകും. ഇവർക്ക് വോട്ടെടുപ്പിെൻറ അവസാന മണിക്കൂറിൽ കോവിഡ് നടപടിക്രമങ്ങളോടെ വോട്ടുചെയ്യാം.
ബൂത്തിനുമുന്നിൽ ക്യൂ പരമാവധി ഒഴിവാക്കണം. അകലം നിശ്ചയിച്ച് കളം വരച്ച് അതിലാകും വോട്ടർമാർ നിൽക്കുക. വയോധികർക്ക് പ്രത്യേക വരി ഒരുക്കും. സാനിറ്റൈസറും സോപ്പും വെള്ളവുമെല്ലാം ബൂത്തിനുമുന്നിൽ ഒരുക്കണം. ഇടുങ്ങിയ ക്ലാസ് മുറികളിൽ വോട്ടെടുപ്പ് അനുവദിക്കില്ല. വലിയ മുറികളും സാമൂഹിക അകലം ഉറപ്പാക്കിയുമാകും പോളിങ് ബൂത്തുകൾ.
ആൾക്കൂട്ടത്തെ കൂട്ടി ശക്തിപ്രകടനമാക്കാറുള്ള പൊതുയോഗങ്ങൾക്കും വ്യവസ്ഥകൾ കർശനമാണ്. പൊതുയോഗങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കും. വലിയ ആൾക്കൂട്ടം ഒരുനിലക്കും അനുവദിക്കില്ല. ബൂത്തിൽ പരമാവധി വോട്ടർമാർ 1000 ആക്കും. നിലവിൽ 1500 ആണ്. പ്രചാരണ രീതിയും അടിമുടി മാറും. സമൂഹ മാധ്യമങ്ങളെ ആശ്രയിക്കാതെ തരമില്ലെന്ന് വരും. വെർച്വൽ പ്രചാരണവും ആകാം. വീടുകയറി പ്രചാരണത്തിന് വിലക്കില്ല. പക്ഷേ, അഞ്ചുപേരിൽ കൂടുതൽ പാടില്ല. േകാവിഡ് പോസിറ്റിവ് ആയവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കും.
സംസ്ഥാന തലത്തിലും ജില്ല തലത്തിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടമുണ്ടാകും. വോട്ടിങ് യന്ത്രവും കൈയിൽ പുരട്ടാനുള്ള മഷിയുമൊക്കെയാണ് പോളിങ് സാമഗ്രികളുടെ കൂട്ടത്തിൽ മുമ്പുണ്ടായിരുന്നതെങ്കിൽ, ഇക്കുറി മാസ്ക്കും സാനിറ്റൈസറും കൈയുറകളും കൂടിയുണ്ടാകും.
വിശാലമായ ഹാളിലാകും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന അത്രതന്നെ പേരെ കരുതലായി വെക്കും. പോളിങ് ഓഫിസറോ പോളിങ് ഏജൻറുമാരോ വോട്ടറുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ടാൽ മാസ്ക് അൽപം താഴ്ത്തി മുഖം കാണിക്കണം. കൈയുറ ധരിച്ചേ വോട്ടർ രജിസ്റ്ററിൽ ഒപ്പിടാവൂ. വോട്ട് രേഖപ്പെടുത്തിയേ കൈയുറ അഴിക്കാവൂ. കണ്ടെയ്ൻമെൻറ് സോണിലുള്ളവർക്ക് വോട്ടെടുപ്പിനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.