തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനില്‍ക്കുനാൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഈ ഘട്ടത്തില്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ച് വരുന്നു, സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ല, കാലവര്‍ഷം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഈ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കി കൊണ്ടാണ് സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബുദ്ധിമുട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചത്. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ മറ്റ് നിയമപ്രശ്നങ്ങള്‍ ഇല്ലെന്നും കമീഷന്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
നിലവിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ എന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. കേന്ദ്രം തീരുമാനിക്കുന്നെങ്കില്‍ അതിനാവശ്യമായ സൗകര്യം ഒരുക്കാമെന്ന് ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഇ.വി.എം അടക്കം പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിട്ടുണ്ട്. അഞ്ചാം തീയതി ചേരുന്ന കമീഷന്‍ യോഗത്തില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.