തിരുവനന്തപുരം: രൂക്ഷമായ എതിർപ്പിനിടയാക്കിയ വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവർണറെ അറിയിക്കും. ഇന്ന് വൈകീട്ട് 3.30ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ൈകക്കൊണ്ടത്. ബുധനാഴ്ച ചേരേണ്ട മന്ത്രിസഭ യോഗം പ്രത്യേകസാഹചര്യത്തിൽ ഇന്ന് നടത്തുകയായിരുന്നു.
അതേ സമയം, ഭേദഗതി പിൻവലിക്കാനുള്ള അടിയന്തരസാഹചര്യം ഗവർണറെ ബോധ്യപ്പെടുത്തേണ്ടി വരും. നിയമം കൊണ്ടുവരുേമ്പാൾ പറഞ്ഞ അടിയന്തരസാഹചര്യങ്ങൾ നിലനിൽക്കുന്നില്ലേയെന്ന് സർക്കാർ വിശദീകരിക്കേണ്ടി വരും.
സി.പി.എം കേന്ദ്ര നേതൃത്വവും നിയമജ്ഞരുമടക്കം ഉയർത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് വിവാദ നിയമം പിൻവലിക്കുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സൈബർ സുരക്ഷക്കായി പുതിയ ഭേദഗതി നിയമസഭയിൽ വിശദമായി ചർച്ച ചെയ്തശേഷം കൊണ്ടുവരും.
പൊലീസിന് അമിതാധികാരം നൽകുന്ന വിവാദ ഭേദഗതി ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭയാണ് ശുപാര്‍ശ ചെയ്തത്. പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത് നവംബർ 21ന് ഗവർണർ ഒപ്പുവെച്ചതോടെ നിയമമായി പ്രാബല്യത്തിൽ വന്നു. എന്നാൽ, പ്രതിഷേധം കനത്തതോടെ 48മണിക്കൂറിനകം സർക്കാർ അടിയറവ് പറഞ്ഞ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ വ്യാജ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമായി ആേക്ഷപമുയർന്നു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള കരിനിയമമാണിതെന്നാണ് പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്. ഫേസ്ബുക് പോസ്റ്റിെൻറ പേരിൽ തൃശൂർ വലപ്പാട്ടെ സി.പി.എം പ്രവർത്തകനെതിരെയാണ് ഈ നിയമപ്രകാരം ആദ്യ പരാതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.