കിഫ്ബിയിൽ സർക്കാറിനെ വിടാതെ സി.എ.ജി; സി.ഇ.ഒ നിയമനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് സ്പെഷ്യൽ ഒാഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കീഴിലുള്ള കിഫ്ബിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന്‍റെ (സി.എ.ജി) സ്പെഷ്യൽ ഒാഡിറ്റ് റിപ്പോർട്ട്. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന്‍റെ നിയമനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ഒാഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നു വർഷത്തെ കരാർ നിയമനമാണ് ഡോ. കെ.എം എബ്രഹാമിന് നൽകിയത്. ഇത് 2016 ഫെബ്രുവരി 26ലെ സർക്കാർ ഉത്തരവിന്‍റെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2018 ജനുവരിയിൽ മൂന്നു വർഷത്തെ കരാറിലാണ് കെ.എം. എബ്രഹാമിനെ നിയമിച്ചിരുന്നത്. 2.75 ലക്ഷം രൂപയായിരുന്നു പ്രതിമാസ ശമ്പളം. കൂടാതെ ഒാരോ വർഷവും 10 ശതമാനം വർധനവ് നൽകാനും തീരുമാനിച്ചിരുന്നു.  സർക്കാറിന്‍റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇത്തരം തസ്തികകളിൽ ഒരു വർഷത്തേക്ക് മാത്രമേ കരാർ നിയമനം പാടുള്ളൂവെന്നാണ് ഉത്തരവ്. ഈ ഉത്തരവ് മറികടന്നാണ് കെ.എം എബ്രഹാമിനെ കിഫ്ബി സി.ഇ.ഒയായി നിയമിച്ചത്. ഇത് 2016ലെ ഉത്തരവിന് വിരുദ്ധമാണെന്ന് സ്പെഷ്യൽ റിപ്പോർട്ടിൽ പറയുന്നു.

കിഫ്ബി പ്രോജക്ട് എക്സാമിനർ ചീഫ് എൻജിനീയറുടെ നിയമത്തിലും സമാനമായ ചട്ടം പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല. എന്നാൽ, യോഗ്യതയില്ലാത്തതിൽ നിന്ന് ഒരാളെ നിയമിച്ചു. ഡെപ്യൂട്ടേഷനിൽ നിയമം നൽകാവുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിലും കരാർ നിയമനം നടത്തി. ഇതുവഴിയും ലക്ഷങ്ങളുടെ നഷ്ടം സർക്കാറിന് ഉണ്ടായി. ചീഫ് എക്സാമിനർ നിയമനത്തിൽ മാത്രം 42 ലക്ഷം രൂപയുടെ അധിക ചെലവ് വന്നു. സർക്കാർ നിയമനങ്ങളിൽ സംവരണം പാലിച്ചില്ല, സർക്കാർ അനുമതിയില്ലാതെയാണ് പല തസ്തികകളും സൃഷ്ടിച്ചത്, സർക്കാർ ജീവനക്കാർക്ക് നൽകുന്നതിലും കൂടുതൽ അലവൻസുകൾ നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വിജയ ബാങ്കിലെ നിക്ഷേപം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിച്ചു. ഇതിലൂടെ 4.67 കോടി രൂപ നഷ്ടപ്പെടുത്തി. മസാല ബോണ്ട് ലഭിച്ച പണം രണ്ട് വർഷത്തിനുള്ളിൽ ചെലവഴിക്കണമെന്ന് കിഫ്ബിക്ക് അറിയാമായിരുന്നു. കെ.എസ്.എഫ്.ഇയിലെ 31 കോടി രൂപ സുരക്ഷാ ബോണ്ട് വഴി കിഫ്ബി സ്വീകരിച്ചെങ്കിലും അശ്രദ്ധ കാരണം ആകെ 109 കോടി രൂപ പലിശ നൽകി.

പ്രവാസി ചിട്ടിക്ക് 7.51 കോടി രൂപ ചെലവഴിച്ച് സോഫ്റ്റ് വെയർ വാങ്ങിയെങ്കിലും കെ.എസ്.എഫ്.ഇക്ക് കൈമാറിയിട്ടില്ല. പ്രവാസി ചിട്ടിയുടെ അവകാശി കെ.എസ്.എഫ്.ഇ ആയതിനാൽ അക്കൗണ്ട് കിഫ്ബി കൈകാര്യം ചെയ്യുന്നത് ശരിയല്ല. വൗച്ചറുകൾ ഹാജരാക്കാതെ തന്നെ ചെലവുകൾ അംഗീകരിച്ചു. തിരുത്തിയ ഹോട്ടൽ ബില്ലുകൾക്ക് പണം നൽകിയെന്നും സ്പെഷ്യൽ ഒാഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എ.ജി. സുനിൽ രാജിന്‍റെ നിർദേശ പ്രകാരം തയാറാക്കിയ സ്പെഷ്യൽ ഒാഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ ഏപ്രിലിൽ തന്നെ സർക്കാറിന് ലഭിച്ചിരുന്നു. എന്നാൽ, നിയമസഭയിൽ വെക്കാൻ സർക്കാറിന് ബാധ്യതിയില്ലാത്തതിനാൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല.

Tags:    
News Summary - CAG Special Report Criticize Kerala Govt in Kiifb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.