തലശ്ശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ 20ന് വിധി പറയും. പൊലീസിനുവേണ്ടി പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ അഡീഷനൽ സെഷൻസ് കോടതിയാണ് (മൂന്ന്) വിധി പറയുക. ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ വിവിധ മേൽകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ശക്തമായ വാദ-പ്രതിവാദങ്ങൾ ഉയർന്നു.
2018ലെ കൊലക്കേസിൽ അറസ്റ്റിലായ ആകാശിന് ഒരുവർഷത്തിനുശേഷം 2019 ഏപ്രിൽ 24നാണ് മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയാവരുതെന്ന കർശന ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചതെന്നും എന്നാൽ, 2023 ആകുമ്പോഴേക്കും കൊലപാതകം ഉൾപ്പെടെ 12ഓളം കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ കോടതിയെ ബോധിപ്പിച്ചു. ഒരിക്കൽ കാപ്പ ചുമത്തി അറസ്റ്റിലായ ആകാശിനെതിരെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത് ഇദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലത്തിന് തെളിവാണ്. അടുത്തിടെയായി മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസിൽ പ്രതിയായതോടെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹരജി നൽകിയത്.
എന്നാൽ, 2019ൽ ജാമ്യം ലഭിച്ച ആകാശ് മൂന്നുവർഷത്തിനുശേഷമാണ് കേസുകളിൽ കുറ്റാരോപിതനാവുന്നതെന്നും ജാമ്യവ്യവസ്ഥയുടെ ലംഘനമാവില്ലെന്നും ആകാശിനുവേണ്ടി ഹാജരായ അഡ്വ. പി. രാജൻ വാദിച്ചു. എന്നാൽ, നിലവിലുള്ള കേസിൽ വിധി പറയുന്നതുവരെ മറ്റു കേസുകളിൽ പ്രതിയാവരുതെന്ന പ്രത്യേക നിബന്ധനയോടെയാണ് 2019ൽ ഹൈകോടതി ജാമ്യം അനുവദിച്ചതെന്ന് രേഖകൾ സഹിതം പബ്ലിക് പ്രോസിക്യൂട്ടർ സമർഥിച്ചു. പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി. രാജനെ സഹായിക്കാൻ അഡ്വ. എൻ.ആർ. ഷാനവാസും കോടതിയിൽ ഹാജരായി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.