മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടിയതോടെ അർബുദ രോഗത്തിന് ബംഗളൂരുവിൽ നിന്ന് ലഭിക്കേണ്ട മരുന്ന് മുടങ്ങുമെന്ന അവസ്ഥയിൽ രോഗിക്ക് കരുതലുമായി പൊലീസ്. മാനന്തവാടി സ്വദേശിനിയും ബാങ്ക് ഓഫ് ബറോഡയിലെ മുൻ ജീവനക്കാരിയുമായ ലക്ഷ്മിക്ക്(70) ആണ് പൊലീസ് മുൻകൈയെടുത്ത് ബംഗളൂരുവിൽ നിന്ന് മരുന്ന് എത്തിച്ചു നൽകിയത്. മുൻ കൃഷി വകുപ്പ് ഡയറക്ടർ ബാലസുബ്രമണ്യൻെറ ഭാര്യയാണ് ലക്ഷ്മി. ഏക മകൾ ലളിത അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഇവർ രണ്ടു പേരും മാത്രമാണ് മാനന്തവാടിയിലെ വീട്ടിൽ താമസം.
നേരത്തേ ബംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സ തേടിയ ലക്ഷ്മിക്ക് മരുന്ന് ബംഗളൂരുവിൽ നിന്ന് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ലോക്ഡൗൺ നീട്ടിയതോടെ മരുന്ന് എത്തിക്കാൻ വഴിയില്ലാതെയായി. സഹായിക്കാൻ മറ്റാരുമില്ലാത്ത ലക്ഷ്മിയുടെ അവസ്ഥ അറിയാനിടയായ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അബൂബക്കർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
പടിഞ്ഞാറത്തറ ഇൻസ്പെക്ടർ പ്രകാശനും പ്രശ്നത്തിൽ ഇടപെടൽ നടത്തി. അദ്ദേഹത്തിൻെറ നിർദ്ദേശപ്രകാരം അബൂബക്കറിൻെറ സുഹൃത്തും ബംഗളൂരു സിറ്റിയിലെ പൊലീസ് ഇൻസ്പെക്ടറുമായ ഗോപാലുമായി ബന്ധപ്പെട്ടു. ഗോപാൽ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി മരുന്ന് വാങ്ങി മൈസൂരുവിലെത്തിക്കുകയായിരുന്നു. പിന്നീട് അബൂബക്കർ ഗോപാലിന് ഓൺലൈനായി പണം നൽകി. അബൂബക്കറിൻെറ മറ്റൊരു സുഹൃത്തായ പോലീസ് ഇൻസ്പെക്ടറാണ് മൈസൂരിൽ നിന്ന് മരുന്ന് മാനന്തവാടിയിലെത്തിച്ച് പോലീസിന് കൈമാറിയത്.
കിട്ടില്ലെന്ന് കരുതിയ മരുന്ന് ലഭിച്ചതിൻെറ സന്തോഷത്തിലാണ് ലക്ഷ്മിയും ഭർത്താവ് ബാലസുബ്രഹ്മണ്യനും. ലോക്ഡൗൺ ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട തിരക്കിനിടയിലും തങ്ങളുടെ പ്രശ്നത്തിൽ ആത്മാർഥമായി ഇടപെട്ട് മരുന്നെത്തിച്ചു നൽകിയതിൽ പൊലീസിന് നന്ദി പറയുകയാണ് ഈ വയോധിക ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.