മട്ടാഞ്ചേരി: രാജ്യത്തെ നടുക്കി വീണ്ടും കടൽ ദുരന്തം. ദിശ മാറിയെത്തിയ വിദേശ ചരക്കുകപ്പൽ ഫോർട്ട്കൊച്ചി മേഖലയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർ മരിച്ചു. കാണാതായ അസം സ്വദേശിക്കായി തിരച്ചിൽ തുടരുകയാണ്. 11 പേരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വർഷം മുമ്പ് അഴിമുഖത്ത് യാത്ര ബോട്ടിൽ മത്സ്യബന്ധന ബോട്ടിടിച്ച് 11 പേർ മരിച്ചിരുന്നു.
കൊച്ചി അഴിമുഖത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് മത്സ്യബന്ധന ബോട്ട് കപ്പലിടിച്ച് തകര്‍ന്നത്. അസം സ്വദേശി രാഹുല്‍ ദാസ്(24),തമിഴ്നാട് കുളച്ചല്‍ സ്വദേശി ആൻറണി ജോണ്‍ എന്ന് വിളിക്കുന്ന തമ്പി ദുരൈ(45) എന്നിവരാണ് മരിച്ചത്. അസം സ്വദേശി മോത്തി ദാസിനെയാണ്(27) കാണാതായത്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് ഉറങ്ങുേമ്പാഴാണ് അപകടമുണ്ടായത്.കൊച്ചി തുറമുഖത്തുനിന്ന് പോയ ആമ്പര്‍ എല്‍ എന്ന പാനമ കപ്പലാണ് അപകടം വരുത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് ബോട്ട് കപ്പല്‍ ചാലില്‍നിന്ന് മാറി വിശ്രമിക്കുന്നതിനിടെയാണ് അപകടം. കപ്പല്‍ ചാലിലൂടെ പോകേണ്ട കപ്പൽ ദിശ തെറ്റി ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. ബോട്ടിെൻറ വീല്‍ ഹൗസിലാണ് കപ്പൽ ഇടിച്ചത്. തുടര്‍ന്ന് ബോട്ട് മൂന്ന് തവണ മറിഞ്ഞു തകര്‍ന്നു.
ഇരുമ്പ് ബോട്ടായതിനാല്‍ ഇതിെൻറ ഭാഗങ്ങള്‍ തട്ടിയുമാണ് പലര്‍ക്കും പരിക്കേറ്റത്. രണ്ടര മണിക്കൂര്‍ നേരം 11 തൊഴിലാളികള്‍ ബോട്ടിെൻറ തകര്‍ന്ന ഭാഗങ്ങളില്‍ പിടിച്ച് ഒഴുകി നടന്നു. അപകടസ്ഥലത്തുനിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന സെൻറ് ആൻറണീസ് എന്ന ബോട്ടിലെ തൊഴിലാളികള്‍ കണ്ടതുമൂലമാണ് ഇവർക്ക് ജീവൻ തിരിച്ചു കിട്ടിയത്. സെൻറ് ആൻറണീസിലെ തൊഴിലാളികൾ ലൈഫ് ബോയ എറിഞ്ഞുകൊടുത്ത് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
പള്ളുരുത്തി സ്വദേശി നാസറിെൻറ ഉടമസ്ഥതയിലുള്ള കാര്‍മല്‍ മാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ചയാണ് ബോട്ട് കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രക്ഷപ്പെട്ട 11 പേരും തമിഴ്നാട് വാണിയക്കുടി സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ പ്രദീഷ്(28),നെല്സന്(26) എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ആൻറണി(23),മൈക്കിള്‍(28)എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോട്ടിെൻറ സ്രാങ്ക് നേവിസ്(34), ഏണസ്റ്റ്(36), ആള്‍ഡോ(26), പെനീസ്(24), ആംസ്ട്രോങ് ബ്രിട്ടോ(27), ആന്‍ഡ്രൂസ്(42), മെര്ലിന്(26) എന്നിവരെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ പെനീസ് സംസാര ശേഷിയില്ലാത്തയാളാണ്.
അപകടം വരുത്തിയതിനുശേഷം വിട്ടുപോയ കപ്പല്‍ പിന്നീട് അപകട സ്ഥലത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കൊച്ചി തുറമുഖത്തുനിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്. കപ്പല്‍ അടുപ്പിക്കുന്നതിനായി പൊലീസ് തുറമുഖ ട്രസ്റ്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ തുറമുഖ ട്രസ്റ്റ് അനുവാദം നല്‍കിയിട്ടില്ല. സംഭവത്തില്‍ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ അവിവേകമായി ജലയാനം ഓടിക്കൽ, ഉപകരണങ്ങള്‍ക്ക് നഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മറ്റു വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
സംഭവമറിഞ്ഞ് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, എം.എൽ.എമാരായ എസ്. ശര്‍മ, ജോണ്‍ െഫര്‍ണാണ്ടസ്, പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, സബ് കലക്ടര്‍ അദീല അബ്ദുല്ല,കൊച്ചി തഹസില്‍ദാര്‍ എൻ.ആര്. വൃന്ദ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.