തിരുവനന്തപുരം: പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാർ രജിസ്റ്റർ ചെയ്ത കേസിൽ നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി അനുമതി നൽകി. സുരേഷ് ഗോപിയുടെ പേരിൽ 60 മുതൽ 80 ലക്ഷം രൂപവരെ വിലയുള്ള കാറുകൾ 3,60,000 രൂപക്കും 16,00,000 രൂപക്കും നികുതി വെട്ടിപ്പ് നടത്തി രജിസ്റ്റർ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പുതുച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻറിൽ താൽക്കാലിക താമസക്കാരനാണെന്ന് വ്യാജരേഖ ചമച്ചാണ് വെട്ടിപ്പ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഈ വിലാസത്തിൽ എൽ.ഐ.സി പോളിസി സ്വന്തമാക്കി നോട്ടറിയെക്കൊണ്ട് വ്യാജ സത്യവാങ്മൂലം സംഘടിപ്പിച്ച് വ്യാജ സീൽ പതിച്ചാണ് വാഹനം രജിസ്റ്റർ ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോേട്ടാർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ൈക്രംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. കേസിെൻറ തുടക്കത്തിൽ അപ്പാർട്ട്മെൻറ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാൻ ശ്രമം നടന്നെങ്കിലും പിന്നീട് അന്വേഷണോദ്യോഗസ്ഥനായ ജോസി ചെറിയാനോട് കെട്ടിട ഉടമസ്ഥൻ സത്യം തുറന്നുപറഞ്ഞതാണ് കേസിന് ഗുണമായത്.
ഏഴു വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
വാഹന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിൽ, അമല പോൾ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫഹദ് ഫാസിൽ പിഴത്തുക ഒടുക്കി കേസ് ഒത്തുതീർപ്പാക്കി. അമലപോൾ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കാർ തമിഴ്നാട്ടിലാണ് ഉപയോഗിച്ചുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെതുടർന്ന് അവർക്കെതിരെ നടപടി അവസാനിപ്പിച്ചിരുന്നു. എന്നാൽ, സുരേഷ് ഗോപിയുടെ കാറുകൾ നികുതി വെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് തിരുവനന്തപുരത്താണ് ഉപയോഗിച്ച് വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേസ് രജിസ്റ്റർ ചെയ്തതിനുശേഷം ഒരു വാഹനം ഡൽഹിയിലേക്കും മറ്റൊന്ന് ബംഗളൂരുവിലേക്കും മാറ്റിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.