കാസർകോട്: മഞ്ചേശ്വരത്ത് എതിർസ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ െവച്ച് പണം നൽകി പത്രിക പിൻവലിപ്പിച്ചുവെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ കോടതി നിർദേശപ്രകാരം കേസെടുത്തു. തെരഞ്ഞെടുപ്പിൽ കൈക്കൂലി നൽകി സ്വാധീനിക്കുന്നതിനെതിരെയുള്ള ഐ.പി.സി 171 (ബി) പ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്.
മഞ്ചേശ്വരത്ത് ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. രമേശൻ നൽകിയ പരാതിയിൽ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അരുണയാണ് ഉത്തരവ് നൽകിയത്. കേസിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ മുൻകൂർ അനുമതി വേണമെന്നുണ്ട്. അതേസമയം, അന്വേഷണത്തിൽ പുതിയ വകുപ്പുകൾ വന്നാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് നൽകിയാൽ മതിയാകും.
രണ്ടര ലക്ഷം രൂപയും ഫോണും ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് പത്രിക പിൻവലിച്ചതെന്ന മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ എൻമകജെയിലെ കെ. സുന്ദരയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് വി.വി. രമേശൻ ജൂൺ അഞ്ചിന് പരാതി നൽകിയത്. സുന്ദരക്ക് വീട്ടിൽ പണം എത്തിച്ചുനൽകിയതായി പറയുന്ന, കെ. സുരേന്ദ്രെൻറ ഏജൻറുമാരായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നീ പ്രാദേശിക നേതാക്കൾക്കെതിരെയും കേസെടുക്കാൻ കോടതി അനുമതിയുണ്ട്. ഈ വകുപ്പിൽ ശിക്ഷിക്കപ്പെടുന്നവർ തുടർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യരാകും.
മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കാൻ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും ബി.ജെ.പി നൽകിയെന്നും ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും വീടും നൽകുമെന്ന് ബി.ജെ.പിയുടെ വാഗ്ദാനമുണ്ടായിരുന്നുവെന്നുമുള്ള കെ. സുന്ദരയുടെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യമായതിനാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതുകൊണ്ട് ബദിയടുക്ക പൊലീസ് ഇൻസ്പെക്ടർ സലീം കോടതിക്ക് കത്ത് നൽകി. കത്ത് നൽേകണ്ടത് പരാതിക്കാരനായതിനാൽ പൊലീസിെൻറ പരാതി കോടതി സ്വീകരിച്ചില്ല. തുടർന്ന് വി.വി. രമേശൻ, അഡ്വ. സി. ഷുക്കൂർ മുഖേന ഹരജി നൽകി. തുടർന്നാണ് കേസെടുക്കാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.