കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രസംഗിച്ചതിന് തനിക്കെതിരെയും കേസുണ്ടെന്ന് പ്രമുഖ അഭിഭാഷകനും ഇടതുമുന്നണിയുടെ മുൻ എം.പിയും എം.എൽ.എയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. പാസ്പോർട്ട് ആവശ്യത്തിന് വെള്ളിയാഴ്ച പൊലീസ് വെരിഫിക്കേഷൻ നടത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
2022 ഫെബ്രുവരി രണ്ടിന് ഹൈകോടതി ജങ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ മീഡിയവൺ സംപ്രേഷണം തടഞ്ഞതിനെതിരെ പ്രസംഗിച്ചതിനാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. കേസ് ഇതുവരെ കോടതിക്ക് കൈമാറിയിട്ടില്ല.
തനിക്കൊപ്പം സി.പി.എം എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ, കോൺഗ്രസ് എം.എൽ.എ ടി.ജെ. വിനോദ് എന്നിവരൊക്കെ ആ യോഗത്തിൽ പ്രസംഗിച്ചിരുന്നുവെന്നും അവർക്കെതിരെയും കേസുണ്ടോ എന്ന് അറിയില്ലെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മീഡിയവൺ വിഷയത്തിൽ കേസുള്ള കാര്യം പൊലീസ് ഇതുവരെ തന്നോട് പറഞ്ഞിരുന്നില്ല. കോവിഡ് നിയമലംഘനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ് ഏതെല്ലാം വകുപ്പുകളാണുള്ളതെന്ന് അറിയാൻ കേസിന്‍റെ വിശദവിവരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.