മൂന്നുകോടിയുടെ വീടുകാട്ടി വിദേശ മലയാളികളില്‍ നിന്നും ലക്ഷങ്ങൾ തട്ടിയ ദമ്പതികള്‍ക്കെതിരെ കേസ്

ഏറ്റുമാനൂര്‍: മൂന്നു കോടിയുടെ വീടുകാട്ടി ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കി വിദേശമലയാളികളില്‍ നിന്നും പണം തട്ടിയ പാലാ സ്വദേശികളായ ദമ്പതികളടക്കം നാല് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പാലാ പൊലീസ് കേസെടുത്തു. ആസ്‌ട്രേലിയയില്‍ താമസക്കാരായ പാലാ കടപ്ലാമറ്റം പാലേട്ട് താഴത്ത് വീട്ടില്‍ ജോജി തോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ എടേറ്റ് ബിനോയ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ്.

അബൂദബിയില്‍ ജോലി ചെയ്യുന്ന ഞീഴൂര്‍ സ്വദേശി സന്തോഷ് പി. ജോസഫിന് വേണ്ടി അഡ്വ. സുജേഷ് ജെ. മാത്യു പുന്നോലില്‍ പാലാ കോടതില്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തത്. ജോജിയുടെ വസ്തുവിനും വീടിനുമായി നിരവധി പേര്‍ പണം നല്‍കി വഞ്ചിതരായത് അറിഞ്ഞതോടെയാണ് വീടിന് അഡ്വാന്‍സ് ആയി പത്തുലക്ഷം രൂപ നല്‍കിയ സന്തോഷ് കോടതിയെ സമീപിച്ചത്.

2019ലാണ് തട്ടിപ്പുകളുടെ തുടക്കം. വീടു വില്‍ക്കാനുണ്ടെന്ന പരസ്യം ഇന്‍റര്‍നെറ്റില്‍ കണ്ട വിദേശത്തുള്ള കുടുംബം പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു. വീടിനും സ്ഥലത്തിനുമായി 2.75 കോടി രൂപയായിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. നീണ്ട ചര്‍ച്ചക്കൊടുവില്‍ 2020ല്‍ 1.70 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രജിസ്ട്രേഷന് വേണ്ടി നാട്ടില്‍ വരാമെന്നും ഉറപ്പിലേക്കായി പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജോജി തോമസ് പറഞ്ഞു.

സ്ഥലത്തിനും വീടിനും യാതൊരു ബാധ്യതയുമില്ലെന്നായിരുന്നു ഉടമകളുടെ വാദം. പ്രസ്തുത സ്ഥലത്തിന് ലോണുള്ളതായി സന്തോഷ് മനസിലാക്കി. രജിസ്ട്രേഷന് മുന്‍പായി ലോണ്‍ ക്ലോസ് ചെയ്യാമെന്നുള്ള ഉറപ്പില്‍ മൂന്നു തവണകളായി എസ്.ബി.ഐ വഴി അഡ്വാന്‍സ് നല്‍കി. എന്നാല്‍ പണം കയ്യില്‍ കിട്ടിയതോടെ ജോജി വാക്കുമാറി. ലോണ്‍ ക്ലോസ് ചെയ്യാന്‍ കഴിയില്ലന്ന നിലപാടിലേക്ക് മാറി. രജിസ്ട്രേഷനായി എല്ലാവരും ആസ്ട്രേലിയയില്‍ ആയതുകൊണ്ട് കഴിയില്ലെന്നായി. പിന്നീട്, പിതാവിന് പവർഓഫ് അറ്റോര്‍ണി നല്‍കാമെന്ന് പറഞ്ഞെങ്കിലും അവിടെയും ചുവട് മാറി.

ഇതിനിടെ വേറെ ചില സൈറ്റുകളില്‍ വന്നിരുന്ന ഇതേ വീടിന്‍റെ വില്‍പ്പന പരസ്യങ്ങള്‍ സന്തോഷിന്‍റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഈ പരസ്യങ്ങളെ തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വിളിച്ചതോടെയാണ് കബളിപ്പിക്കപെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഫോണെടുക്കാനോ പണം മടക്കി നല്‍കാനോ ജോജി തയ്യാറാവാതായതോടെയാണ് കോടതിയെ സമീപിച്ചത്.

കോടതി നിര്‍ദേശപ്രകാരം വസ്തു അറ്റാച്ച് ചെയ്തിട്ടുമുണ്ട്. ഇതേ വീടും സ്ഥലവും വില്‍പനയുടെ മറവില്‍ നിരവധി പേരില്‍ നിന്നും ജോജിയും സംഘവും അഡ്വാന്‍സ് വാങ്ങിയതായും പരാതിക്കാരന്‍ പറയുന്നു. നാലു പേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പാലാ പൊലീസ് ഇന്‍സ്പെക്ടര്‍ ടോംസണ്‍ കെ.പി. പറഞ്ഞു.

Tags:    
News Summary - case has been registered against a couple who swindled lakhs from foreigners by showing a house worth Rs 3 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.