മേലാറ്റൂർ (മലപ്പുറം): യു.ഡി.എഫ് ആഹ്ളാദ പ്രകടനത്തിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. എടയാറ്റൂർ കാട്ടിച്ചിറ സ്വദേശികളായ തോട്ടാശ്ശേരി കളത്തിൽ അനീസ് (26), തോട്ടാശ്ശേരി കളത്തിൽ മുഹമ്മദ് ഫരീദ് (29), കാഞ്ഞിരമണ്ണ മുഹമ്മദ് ഫലാഹ് (23), ചെട്ടിയാൻതൊടി സജാദ് (26), പുൽപ്പാറ മുഹമ്മദ് അക്കിഫ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന ചുറ്റുമതിലിന്‍റെ ഭാഗം, പഞ്ചായത്തിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വസ്തുക്കൾ തുടങ്ങിയവയാണ് തകർത്തത്.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മേലാറ്റൂർ ടൗണിൽ ആഹ്ളാദ പ്രകടനത്തിനിടെ പൊതുമുതൽ നശിപ്പിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഗ്രാമപഞ്ചായത്തിെൻറ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ സെക്രട്ടറി, പ്രസിഡൻറ് എന്നിവർ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിൽപരം രൂപയോളം നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. ഇൗ പരാതിയിൻമേലുള്ള നടപടി അടുത്ത ദിവസമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
യു.ഡി.എഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ നാശനഷ്ടങ്ങളുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം മേലാറ്റൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.