തിരുവനന്തപുരം/കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണു നടപടി.
തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച 124 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാർക്കെതിരെ ചുമത്തിയത്. കോഴിക്കോട് ഫ്രറ്റേണിറ്റി, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ട്രെയിൻ തടഞ്ഞതിന് 40 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആർ.പി.എഫും കേസെടുത്തിട്ടുണ്ട്.
സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇവ പിൻവലിക്കുമെന്ന് സർക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങൾക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്.
കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതോടെ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അധികം വൈകാതെ യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു. പിന്നാലെ രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കെല്ലാം വലിയ പ്രതിഷേധമാണു നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയൽ സമരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.