ദുരിതങ്ങളുടെ കെട്ടഴിച്ച് കശുവണ്ടി തൊഴിലാളികള്‍; ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും -രാഹുല്‍ഗാന്ധി

കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖല നേരിടുന്നത് അതീവ ഗുരുതര പ്രതിസന്ധികളാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍പൊരിക്കലുമില്ലാത്ത പ്രതിസന്ധികളാണ് ഈ വ്യവസായ മേഖല നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അവതരിപ്പിക്കും. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചവറ നീണ്ടകരയിലെ ശിവാ ബീച്ച് റിസോര്‍ട്ടില്‍ ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് ഇപ്പോഴും ലഭ്യമാകുന്നതെന്നു സംവാദത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ പറഞ്ഞു. ഈ മേഖലയിലെ മിക്കവാറും എല്ലാ ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ഏഴു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച വേതനമാണ് ഇപ്പോഴും നല്‍കുന്നത്. ഇ.പി.എഫ് പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷന്‍, ഇ.എസ്‌.ഐ ആനുകൂല്യങ്ങള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയൊന്നും വര്‍ഷങ്ങളായി കിട്ടുന്നില്ല.

സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം പോയിട്ട് പനിക്കു പോലും ഇ.എസ്‌.ഐകളില്‍ മരുന്നു കിട്ടാനില്ല. തൊഴില്‍ ദിനങ്ങള്‍ കുറവായതിനാല്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കാഞ്ചനവല്ലി പറഞ്ഞു. പി.എഫ് പെന്‍ഷന്‍ കൂട്ടിത്തരാന്‍ നടപടി വേണം. തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അവരുടെ ദയനീയമായ അവസ്ഥ പരിഹരിക്കാന്‍ ഇപെടണമെന്നും അവര്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു.

കയര്‍ മേഖല പോലെ കശുവണ്ടിയും തകര്‍ന്നടിഞ്ഞെന്നാണ് പെരിനാട് ഫാക്ടറി തൊഴിലാളിയായ സിന്ധുവിന്റെ ആശങ്ക. ഏറിയാല്‍ ഒരു വര്‍ഷം കൂടി മാത്രമേ അതിനു നിലനില്‍ക്കാനാവൂ. അതിനപ്പുറം ഈ വ്യവസായത്തിനു നിലനില്പില്ലെന്നും സിന്ധു വ്യക്തമാക്കി. ഫാക്ടറികള്‍ കൂടുതല്‍ ദിവസം തുറന്നു പ്രവര്‍ത്തിക്കുകയും തൊഴിലാളികള്‍ക്കു കൂടുതല്‍ വരുമാനമുണ്ടാകാന്‍ അവസരം നല്‍കണമെന്നും സിന്ധു ആവശ്യപ്പെട്ടു. 2008നു ശേഷം ക്ഷേമ പദ്ധതികള്‍ പലതും മുടങ്ങിയെന്ന് അജിത കുമാരികുറ്റപ്പെടുത്തി. ഇ.എസ്‌.ഐ അടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് അവര്‍ കുറ്റപ്പെടുത്തി. അടഞ്ഞു കിടക്കുന്ന മുഴുവന്‍ ഫാക്ടറികളും ഉടന്‍ തുറക്കണമെന്ന് വിജയകുമാരിയമ്മയും ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ ഉന്നയിക്കുന്ന മുഴുവന്‍ ആവശ്യങ്ങളും ന്യായമാണെന്ന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു. അടുത്തു ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയങ്ങളെല്ലാം ഉന്നയിക്കും. ഇ.പി.എഫ് അടക്കമുള്ള കേന്ദ്ര വിഷയങ്ങള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന വിഷയങ്ങള്‍ക്ക് കേരള നിയമസഭയിലും യു.ഡി.എഫ് പോരാടും. അത് നടപ്പാക്കുന്നതു വരെ ഇരു സഭകളിലും പുറത്തും പ്രക്ഷോഭം കടുപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കശുവണ്ടി തൊഴിലാളിയുടെ മകളും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആവണിയെ അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി അനുമോദിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി,രമേശ് ചെന്നിത്തല എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി,പി.സി. വിഷ്ണുനാഥ് എം.എല്‍.എ, വി.ടി. ബല്‍റാം, പഴകുളം മധു,ആര്‍. ചന്ദ്രശേഖരന്‍,സവിന്‍ സത്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - Cashew workers freed from misery; Demands will be raised in Parliament - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.