ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും തടയണം -മത്സ്യത്തൊഴിലാളി ഐക്യവേദി

കോഴിക്കോട് : കേരളത്തിൽ വ്യാപകമാകുന്ന ചെറുമൽസ്യങ്ങളുടെ മത്സ്യബന്ധനവും വിപണനവും തടയുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്​ഥാന പ്രസിഡൻറ് ചാൾസ്​ ജോർജ്. 2012–ൽ കേരളത്തിൽ 3.99 ലക്ഷം ടൺ ചാള പിടിച്ചിടത്ത് 2021 ആയപ്പോഴേക്കും ഉല്പാദനം 3670 ടണ്ണായി ഇടിഞ്ഞിരിക്കുകയാണ്.

മത്തിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന 1.25 ലക്ഷം സജീവ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനേയും വരുമാനത്തേയുമാണ് ഇത് പ്രതികൂലമായി ബാധിച്ചത്. ഇവർക്കായി ഒരു മത്സ്യ വരൾച്ചാ പാക്കേജ് അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. പത്തുവർഷത്തിനുശേഷം കേരളതീരത്ത് ഈ വർഷം ചാളയും അയിലയും ധാരാളം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിന്റെ തെക്കു മുതൽ വടക്കുവരെ നല്ല രീതിയിൽ ചാളയും അയിലയും കണ്ടുതുടങ്ങി. പക്ഷേ അത് വളർച്ചയെത്തിയവയല്ല. വളർച്ചയെത്താത്ത ഇത്തരം മത്സ്യങ്ങളെ പിടിക്കരുതെന്ന് കഴിഞ്ഞ അഞ്ചിന് കൊച്ചി സി.എം.എഫ്.ആർ.ഐയിൽ ചേർന്ന ഗവേഷകരുടേയും തൊഴിലാളികളുടേയും യോഗം തീരുമാനമെടുത്തിരുന്നു. യോഗത്തിന്റെ തുടർച്ചയായി മറ്റു ജില്ലകളിലും യോഗങ്ങൾ വിളിച്ചുചേർക്കുകയും ബോധവൽക്കരണം നടക്കുകയുമാണ്.

ചെറുമീൻ പിടുത്തം വ്യാപകമാവുകയും മാർക്കറ്റുകളിൽ ഈ മത്സ്യങ്ങൾ വിൽക്കുകയും ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയിലും തൃശൂരിലെ അഴീക്കോഴും ഇന്നലെ ചെറുമീൻ പിടിച്ചു വിറ്റിരുന്നു. ഉദ്യോഗസ്​ഥരുടെ പരിശോധനയിൽ അവ 10 സെൻറീമീറ്ററിനു മുകളിലുള്ള മത്തിയാണെന്നു കണ്ടതിനേത്തുടർന്ന് വിൽക്കാൻ അനുവദിക്കുകയായിരുന്നു. സി.എം.എഫ്.ആർ.ഐ ചാളയുടെ കുറഞ്ഞ വലുപ്പമായി (എം.എൽ.എസ്​) നിശ്ചയിച്ചത് 10 സെൻറീമീറ്ററും അയില 14 സെൻറീമീറ്ററുമാണ്.

പക്ഷേ അപ്പോഴും അവ പ്രജനനശേഷി കൈവരാത്ത ചെറു മത്സ്യങ്ങൾ തന്നെയാണ്. ചാളയുടേയും അയിലയുടേയും എം.എൽ.എസ്​ പുതുക്കി നിശ്ചയിക്കപ്പെടേണ്ടതുണ്ട്. ഇതിനേക്കാൾ കുറഞ്ഞ വലുപ്പമുള്ള ചെറുമീനുകൾ വിപണിയിൽ സുലഭമാണ്. ഇവ വിൽക്കുന്നത് തടയുന്ന രൂപത്തിൽ ചട്ടങ്ങൾ നിജപ്പെടുത്തണം.

ട്രോൾ ബോട്ടുകൾ കൂടി രംഗത്തിറങ്ങുന്നതോടെ ചിത്രം മാറുകയാണ്. ചെറുമീനുകളെ പിടിക്കുന്നതിനായി പല ബോട്ടുകളിലും പെലാജിക് ട്രോളിങ് നടത്തുന്നതിനുവേണ്ടി വല സെറ്റു ചെയ്തുകൊണ്ടിരിക്കുകയുമാണ്. മറ്റു സംസ്​ഥാനങ്ങളിലെ കോഴിത്തീറ്റ ഫാക്ടറികളിലേക്കാണ് ഇവ കയറ്റി അയക്കുന്നത്. ഗൗരവമേറിയ ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം.

സംസ്​ഥാന ഫിഷറീസ് മാനേജ്മെൻറ് കൗൺസിൽ സർക്കാർ അടിയന്തിരമായി വിളിച്ചു ചേർക്കണം. അതോടൊപ്പം മത്സ്യത്തൊഴിലാളി സംഘടനകളുടേയും യോഗം വിളിച്ചുചേർക്കണം. ചെറു മീനുകൾ വിൽക്കുന്നത് കർശനമായും തടയുന്ന രൂപത്തിൽ ചട്ടങ്ങളുണ്ടാക്കണം. മത്സ്യത്തൊഴിലാളികൾ ചെറുമീനുകളെ പിടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു

Tags:    
News Summary - Catching and selling of small fish should be stopped - Malsya Thozhilali Aikyavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.