തൃശൂർ: പെൻഷൻകാർക്കെതിരെ വാളെടുത്ത കാത്തലിക് സിറിയൻ ബാങ്കിൽ കൂട്ട പിരിച്ചുവിടൽ. 82 പ്രൊബേഷണറി ഓഫിസർമാർക്ക് ബാങ്ക് നോട്ടീസ് നൽകി. പിരിച്ചു വിടാതിരിക്കാൻ ജനുവരി 25നകം കാരണം കാണിക്കാനാണ് നോട്ടീസിൽ പറയുന്നത്. മികച്ച ജോലി കിട്ടിയതിെൻറ ബലത്തിൽ ജീവിതം കെട്ടിപ്പടുത്തു തുടങ്ങിയ 82 യുവാക്കൾ കടുത്ത ആശങ്കയിലാണ്. പ്രൊബേഷണറി ഓഫിസർമാരുടെ കൂട്ട പിരിച്ചു വിടൽ ബാങ്കിങ് വൃത്തങ്ങളിലും അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്.
2016 ആദ്യമാണ് പ്രൊബേഷണറി ഓഫിസർമാരെ നിയമിച്ചത്. രണ്ടു വർഷത്തെ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കുന്ന മുറക്ക് അസിസ്റ്റൻറ് മാനേജർ തസ്തികയിൽ നിയമനം എന്നായിരുന്നു വ്യവസ്ഥ. എൻ.ഐ.ഐ.ടിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്, ഫിനാൻസ് ആൻഡ് ഇൻഷുറൻസിൽ ഇവർക്ക് പരിശീലനം നൽകി.
പരിശീലനം നൽകേണ്ടത് ബാങ്കിെൻറ ഉത്തരവാദിത്തമാണെന്നിരിക്കെ അതിെൻറ പേരിൽ 45,000 രൂപ വീതം ഇവരിൽ നിന്നും ഈടാക്കിയിരുന്നു. മൂന്നു വർഷത്തേക്ക് രണ്ടു ലക്ഷം രൂപയുടെ ബോണ്ടും വാങ്ങി. ജോലിയിൽ മികവ് പോരെന്നും ബിസിനസ് ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞാണ് ബാങ്ക് ഇവരെ ഒഴിവാക്കുന്നത്. അങ്ങനെയെങ്കിൽ കഴിഞ്ഞ ഏതാനും വർഷമായി ബാങ്ക് നേരിടുന്ന തകർച്ചയുടെ ഉത്തരവാദിത്തം ആർക്കാണെന്ന് ബാങ്കിങ് രംഗത്തെ ജീവനക്കാരുടെ സംഘടന വൃത്തങ്ങൾ ചോദിക്കുന്നു. ബാങ്കിലെ അവസ്ഥ അടിയന്തരാവസ്ഥക്ക് സമാനമാണ്. ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ ആസ്തികൾ വിറ്റൊഴിക്കാനുള്ള നീക്കം ജീവനക്കാരാണ് ചെറുത്തത്. ബാങ്കിെൻറ ഓഹരി വാങ്ങാൻ വന്ന കനേഡിയൻ വ്യവസായി പ്രേം വാട്സ, ബാങ്ക് അവകാശപ്പെടുന്ന മൂല്യം ഓഹരിക്കില്ലെന്ന് കണ്ട് പിന്മാറി. മൂലധന സമാഹരണത്തിന് പല വഴിക്ക് പായുകയാണ്.
ഒരു വഴിക്ക് ഇത്തരം പ്രതിസന്ധി നേരിടുമ്പോൾ മറുഭാഗത്ത് കെടുകാര്യസ്ഥത കൊടികുത്തുകയാണെന്ന് ജീവനക്കാരുടെ സംഘടന വൃത്തങ്ങൾ പറയുന്നു. വായ്പക്ക് ഈട് സ്വീകരിച്ച വസ്തു തിരിച്ചുനൽകി പകരം മൂല്യം കുറഞ്ഞ ഈട് വാങ്ങിവെച്ച് ഉന്നത തലങ്ങളിൽ ക്രമക്കേട് നടക്കുന്നതായും ആക്ഷേപമുണ്ട്. ബാങ്കിെൻറ ഇത്തരം പോക്ക് പരസ്യമായി ചൂണ്ടിക്കാട്ടിയതിന് റിട്ടയറീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നന്ദകുമാറിെൻറ പെൻഷൻ തടയുമെന്ന് കഴിഞ്ഞയാഴ്ച കാത്തലിക് സിറിയൻ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.