ഹേമ കമ്മിറ്റി റിപ്പോർട്ട് സി.ബി.ഐ അന്വേഷിക്കണം; സുപ്രീംകോടതിയിൽ ഹരജി

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സുപ്രീംകോടതി അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹരജി സമർപ്പിച്ചത്.

സർക്കാർ അഞ്ച് വർഷം റിപ്പോർട്ട് പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് റിട്ട് ഹരജി നൽകിയത്. സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹരജി. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ പറയുന്നു.

ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ നടിമാരുടെ പരാതികളിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നൽകിയ കേരള ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

ഹൈകോടതി വിധിക്കെതിരെ സിനിമ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി സ്റ്റേ ആവശ്യത്തിലും വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്‌, പി.ബി. വരാലെ എന്നിവർ അടങ്ങുന്ന ബെഞ്ച് ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ 40 കേസുകൾ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്യാൻ തയാറെടുക്കുകയാണെന്നും അതിനാൽ ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സജിമോനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ രോഹ്തഗി വാദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ കേരള ഹൈകോടതി പരിഗണിച്ച ദിവസങ്ങളിലെല്ലാം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുമായി ചേംബറിൽ അഡ്വക്കറ്റ് ജനറലും എസ്.ഐ.ടി ഉദ്യോഗസ്ഥരും അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ വിശദാംശങ്ങൾ ആർക്കും അറിയില്ല. എന്നാൽ, ഈ ചർച്ചകൾക്ക് ശേഷമാണ് കേസിൽ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും മുകുൾ രോഹ്തഗി ആരോപിച്ചു.

Tags:    
News Summary - CBI to probe Hema committee report; Petition in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.