രണ്ടു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു

കൊല്ലം: രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത ​കൊല്ലത്തെ ആശുപത്രിയുടെ സീലിങ് തകർന്നു. പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ്ങാണ് തകര്‍ന്നു വീണത്. കെ.ബി ഗണേഷ്കുമാറിന്റെ എംഎല്‍എ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ 'നിര്‍മിതി'ക്കായിരുന്നു നിർമാണച്ചുമതല.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആശുപത്രിയിലെ ഹാളിന് മുകളില്‍ പാകിയ സീലിങ് ആണ് ഇളകി വീണത്. രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയിരുന്നു.


നേരത്തെ ആശുപത്രി കെട്ടിടം വൃത്തിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് കെ.ബി ഗണേഷ്കുമാർ എംഎൽഎ ഡോക്ടറെ വിമർശിക്കുകയും നിലം തൂത്ത് വൃത്തിയാക്കുകയും ചെയ്തത് വിവാദമായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നവെന്ന പരാതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ഇതിനുപിന്നാലെയാണ് ഉദ്ഘാടനം ചെയ്ത് രണ്ടു മാസം പൂർത്തിയാകും മുമ്പ് സീലിങ് തകർന്നത്.

Tags:    
News Summary - Ceiling of the hospital, inaugurated two months ago, collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.