കോഴിക്കോട്: ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദപദ്ധതി രേഖക്ക് (ഡി.പി.ആർ) തത്ത്വത്തിൽ അംഗീകാരം നൽകിയെങ്കിലും കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിെൻറ അനുമതി എളുപ്പമാകില്ല.
അതി പരിസ്ഥിതി ലോല മേഖലയിൽ കൂടി കടന്നുപോകുന്ന പാതക്ക് സാധാരണ നിലയിൽ കേന്ദ്രാനുമതി നൽകാറില്ല. രാഷ്ട്രീയ സമ്മർദവും സംസ്ഥാന ഭരണത്തിലെ ഉന്നതർക്ക് ചില കേന്ദ്ര മന്ത്രിമാരുമായുള്ള അടുപ്പവും പദ്ധതിക്ക് ഗുണകരമാകുമെന്നാണ് ഒരു വിഭാഗത്തിെൻറ പ്രതീക്ഷയും പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കയും.
മേഖലയിലെ മതനേതൃത്വമടക്കം പദ്ധതിക്കുവേണ്ടി സജീവമായി രംഗത്തുണ്ട്. ആനക്കാംപൊയിലിലെ സ്വർഗംകുന്നിൽനിന്ന് വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തിൽ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധ റോഡും നിർമിക്കുകയാണ് ലക്ഷ്യം. സ്വർഗംകുന്ന് വരെ മറിപ്പുഴ വഴി റോഡ് വികസിപ്പിക്കും. 658 കോടി രൂപയാണ് പദ്ധതിക്കായി കിഫ്ബി അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപയുണ്ടെങ്കിലേ പദ്ധതി പൂർത്തിയാക്കാനാകൂ.
7,677 അടി ഉയരമുള്ള ചെമ്പ്ര, വെള്ളരിമല മലനിരകളുടെ ഇടയിലൂടെയാണ് നിർദിഷ്ട തുരങ്കം നിർമിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശമാണിത്. ഒട്ടകത്തിെൻറ പൂഞ്ഞ് പോലെയുള്ള മലകളായതിനാൽ 'കാമൽ ഹംപ്സ്' എന്നറിയപ്പെടുന്ന മലകളാണിത്. അപൂർവ പക്ഷിയായ ചിലപ്പൻ എന്ന കുഞ്ഞിക്കിളികളുടെ ആവാസസ്ഥാനം കൂടിയാണ് ഈ പ്രദേശങ്ങൾ.
മേഘവിസ്ഫോടനത്തോടെ മഴ പെയ്ത്, ഉരുൾപൊട്ടലുണ്ടായ പുത്തുമലയും കവളപ്പാറയും ഈ മലനിരകളോട് ചേർന്നാണെന്നതും പരിസ്ഥിതി അനുമതിക്ക് തടസ്സമായേക്കും. കുറ്റ്യാടി ചുരം പോലെയുള്ള പാതകൾ വികസിപ്പിച്ചാൽ തുരങ്കപാത ഒഴിവാക്കാനാകും.
പദ്ധതിയുടെ സാമൂഹിക, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. പരിസ്ഥിതി വിദഗ്ധരുടെ അഭിപ്രായം പോലും ചോദിച്ചിട്ടുമില്ല.
ഏകദേശം 15 കോടി വർഷം പഴക്കമുള്ള പാറകളുള്ള മലകൾ തുരക്കുന്നത് ഇവയുടെ ഘടനയെ ബാധിക്കുമോയെന്ന പഠനം ഭൗമശാസ്ത്ര വിദഗ്ധരാണ് നടത്തേണ്ടത്. ഒരു ഭാഗത്തെ പാറയിൽ നിർമാണത്തിനിടെ ആഘാതമുണ്ടായാൽ കിലോമീറ്ററുകളോളം ബാധിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. ചാലിയാറടക്കമുള്ള പുഴകളുടെ ഉദ്ഭവസ്ഥാനം കൂടിയാണ് ഈ മലനിരകൾ.
25 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പശ്ചിമ മേഖലയിലെ പല പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ഭീഷണിയുണ്ടെന്ന് സംസ്ഥാന സർക്കാറിെൻറ തന്നെ പഠനങ്ങളുണ്ട്. വയനാട്ടിൽ 102 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്. എറണാകുളം-ധനുഷ്കോടി പാതയുടെ നിർമാണത്തിനിടെ ഇടുക്കിയിൽ പശ്ചിമഘട്ടത്തിൽ പലയിടത്തും മലയിടിച്ചിലുണ്ടായിരുന്നു. അടിമാലി മുതൽ ബോഡിമേട്ട് വരെ മലയിടിച്ചിൽ വ്യാപകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.