കിസാൻസഭ സമ്മേളനത്തിന്​ കെ. രാധാകൃഷ്ണൻ ​പതാക ഉയർത്തുന്നു

കിസാൻ സഭ സമ്മേളനത്തിന് വന്ന വിദേശ പ്രതിനിധികൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

തൃശൂർ: തൃശൂരിൽ ആരംഭിച്ച അഖിലേന്ത്യാ കിസാൻസഭ ദേശീയ സമ്മേളനത്തിൽ പ​ങ്കെടുക്കേണ്ട ഫ്രാൻസിൽനിന്നുള്ള രണ്ട്​ സൗഹാർദ പ്രതിനിധികൾക്ക്​ ​കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. പ​ങ്കെടുക്കാനായി കേരളത്തിൽ എത്തിയ കൃസ്​ത്യൻ അലിയാമി, മരിയ ഡ റോച്ച എന്നിവരെയാണ് കേന്ദ്രം മടക്കിയയച്ചത്.

ഇന്ന് പുലർച്ചെ രണ്ടരക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഇവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു​. ടൂറിസ്റ്റ്​ വിസയിലാണ്​ സന്ദർശനമെന്നും അതിനാൽ സമ്മേളനം പോലുള്ള ഒരു പരിപാടിയിലും പ​ങ്കെടുക്കരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.

ഇതോടെ രണ്ട്​ പേരും തിരിച്ചുപോയി. കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതായി ഹനൻ മൊള്ള ഉദ്​ഘാടന വേദിയിൽ പറഞ്ഞു. ഇൻറർനാഷനണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്സ് എന്ന സംഘടനയുടെ പ്രതിനിധികളാണ് രണ്ടുപേരും​.

തൃശൂർ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്‍ററിലെ കെ. വരദരാജൻ നഗറിലാണ് അഖിലേന്ത്യ കിസാൻസഭ 35ാം ദേശീയ സമ്മേളനം. പ്രതിനിധി സമ്മേളനത്തിന്​ ഇന്ന് രാവിലെ അഖിലേന്ത്യ പ്രസിഡന്‍റ്​ ഡോ. അശോക് ധാവ്ളെ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

ജോയിന്‍റ്​ സെക്രട്ടറി എൻ.കെ. ശുക്ല രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കിസാൻസഭ ജോയിന്‍റ്​ സെക്രട്ടറിമാരായ ഇ.പി. ജയരാജൻ, വിജു കൃഷ്ണൻ, പി. കൃഷ്ണ പ്രസാദ്, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡന്‍റ്​ എം. വിജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ എ.സി. മൊയ്‌തീൻ, ട്രഷറർ എം.എം. വർഗീസ് എന്നിവർ പങ്കെടുത്തു.

അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്‍റ്​ എ. വിജയരാഘവൻ, സെക്രട്ടറി ബി. വെങ്കിട്ട്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, സി.ഐ.ടി.യു ജനറൽ സെക്രട്ടറി എ.ആർ. സിന്ധു, ദലിത്‌ശോഷൻ മുക്തിമഞ്ച് നേതാവ് സാമുവൽ രാജ്, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് ജനറൽ സെക്രട്ടറി ദില്ലി ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട്​ അവതരിപ്പിച്ചു.

വെള്ളിയാഴ്ചയാണ്​ സമാപനം. സമാപന ദിവസം തൃശൂർ നഗരത്തിൽ റാലിക്ക്​ ശേഷം തേക്കിൻകാട്​ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും.

Tags:    
News Summary - Central Govt denied permission to foreign delegates to All India Kisan Sabha conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.