തിരുവനന്തപുരം: കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനുവരി 20 മുതല്‍ 31 വരെ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്താൻ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. ലക്ഷങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയ പ്രക്ഷോഭത്തിനാണ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
സംസ്ഥാന സർക്കാറിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. ജി.എസ്.ടി കുടിശ്ശികപോലും നല്‍കുന്നില്ല. സർക്കാറിന് കടമെടുക്കാനുള്ള സാധ്യതതന്നെ ഇല്ലാതാക്കി. പറഞ്ഞ ഒരു പദ്ധതിയും നൽകിയില്ല. അതിനിടയിൽ കോൺഗ്രസും ബി.ജെ.പിയും എൽ.ഡി.എഫ് സർക്കാറിനെ ദുർബലപ്പെടുത്താനുള്ള പ്രചാരണ പ്രവർത്തനത്തിലാണ്. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാനുള്ള നീക്കത്തിലാണ് സംഘ്പരിവാർ. ഏക സിവിൽ കോഡ് സ്വകാര്യ ബിൽ ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്.
സംസ്ഥാന സർക്കാറിന്റെ ജനോപകാര പദ്ധതികളും കേന്ദ്രത്തിന്റെ നയങ്ങളും ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പി.ബി അംഗങ്ങൾ മുതലുള്ള നേതാക്കൾ ബൂത്തുതലം മുതൽ വീടുകൾ തോറും ജനസമ്പർക്കം നടത്തും. ജനുവരി ഒന്ന് മുതൽ 21 വരെയാണ് ഈ കാമ്പയിൻ. മാധ്യമപ്രവർത്തന രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെയും ശക്തമായ പ്രചാരണം നടത്തും. റബർ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്. അതിനെതിരെ റബർ കർഷകർ പ്രതിഷേധങ്ങളെ പിന്തുണക്കും.
വിഴിഞ്ഞം പദ്ധതിയിലെപോലെ കരുതൽ മേഖലയിലും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വീണുകിട്ടിയ അവസരമായി യു.ഡി.എഫ് ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ, അത് അവർക്കുതന്നെ തിരിഞ്ഞുകുത്തി. 12 കി.മീറ്റർ കരുതൽ മേഖലയാക്കാൻ ശിപാർശ ചെയ്തവരാണവർ. ജനങ്ങളുടെ ആശങ്ക മുഴുവൻ ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും സർക്കാറും സ്വീകരിക്കില്ല. സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ നേതാക്കൾക്ക് പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും അവർ ഉചിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.