തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചില ഏജൻസികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടി. അതിന്‍റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് എൻഫോഴ്സ്മെന്‍റ് കിഫ്ബിക്കെതിരെ നടത്തുന്ന അന്വേഷണങ്ങളും കസ്റ്റംസ് ഹൈകോടതിയിൽ ഫയൽ ചെയ്ത പ്രസ്താവനയും -മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് പുതിയ വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസി ഇറങ്ങിയത്. ഇപ്പോൾ കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നത്.
കേസിൽ എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമീഷണറാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇത് കേട്ടുകേൾവിയില്ലാത്തതാണ്. ജൂലൈ മുതൽ വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്. കസ്റ്റംസ്, ഇ.ഡി. എൻ.ഐ.എ എന്നിവരുടെ കസ്റ്റഡിയിലായിരുന്നു. ഇതിൽ ഒരു ഏജൻസിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വന്നപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം എന്തായിരിക്കുമെന്ന് പ്രസ്താവന നൽകിയ കസ്റ്റംസും അതിന് പിന്നിൽ പ്രവർത്തിച്ചവരും പുറത്തുപറയാൻ തയാറാകണം.
മജിസ്ട്രേറ്റിന് നൽകുന്ന പ്രസ്താവന അന്വേഷണ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളൂ. ഇത് പുറത്തുവിടരുതെന്നാണ് നിയമവശമെന്നിരിക്കെ, കസ്റ്റംസ് കമീഷണർ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമം. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജൻസികൾ മുതലെടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.