നിപ ബാധിച്ച് മരണപ്പെട്ട കുറ്റ്യാടിയിലെ വ്യക്തി സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തുന്നു

നിപ ഉറവിടം തേടി കേന്ദ്ര സംഘം മരുതോങ്കരയിൽ

കുറ്റ്യാടി: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം മരുതോങ്കര കള്ളാട് മേഖല സന്ദർശിച്ച് പരിശോധന നടത്തി. നിപ മരണവും രോഗവും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വവ്വാൽ സർവേ ടീം അംഗമായ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂനിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വെള്ളിയാഴ്ച സ്ഥലത്തെത്തിയത്.

മരിച്ച മുഹമ്മദലിയുടെ വീട്ടിലാണ് ആദ്യം പോയത്. എട്ടു വയസ്സുകാരനായ മകൻ രോഗം ബാധിച്ച് ആശുപത്രിയിലായതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. ഇയാളുടെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും കുട്ടിക്കൊപ്പമാണുള്ളത്. വീട്ടു കിണർ, വിറകുപുര, ഫലവൃക്ഷങ്ങൾ എന്നിവ പരിശോധിച്ചു. റംബൂട്ടാൻ, ആപ്പിൾചാമ്പക്ക, വാഴകൾ, പഴച്ചെടികൾ എന്നിവ കാമറയിൽ പകർത്തി. വിറകുപുര പരിശോധിച്ച് കീരി, എലി എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കി. തുടർന്ന് സമീപത്തെ തറവാട് സന്ദർശിച്ചു. മാതാപിതാക്കളും ഇളയ സഹോദരനുമാണ് അവിടെയുള്ളത്.

മരിച്ച മുഹമ്മദലി തറവാടുവീട് സന്ദർശിക്കാറുണ്ടെന്നും താമസിക്കാറില്ലെന്നും അവർ പറഞ്ഞു. കുടുംബസ്വത്തായ തോട്ടങ്ങളിൽനിന്ന് അടക്ക, വാഴക്കുല, ഈന്ത് തുടങ്ങിയവ മുഹമ്മദലിയാണ് സംഭരിച്ച് തറവാട്ടിൽ എത്തിക്കാറ്. അടുത്തിടെ വെട്ടിയ വാഴക്കുലയെ കുറിച്ച് ചോദിച്ചു. കാറിലാണ് മുഹമ്മദലി വാഴക്കുല കൊണ്ടുവന്നത്. രോഗം വന്ന കുട്ടി ആപ്പിൾചാമ്പക്ക നന്നായി കഴിക്കാറുണ്ടെന്നും സംഘത്തെ അറിയിച്ചു. തുടർന്ന് ചെറുപുഴത്തീരത്തെ കമുകിൻ തോട്ടം സന്ദർശിച്ചു. അവിടെനിന്ന് വവ്വാൽ കടിച്ചതുൾപ്പെടെ അടക്കകൾ മുഹമ്മദലി സംഭരിച്ചിരുന്നു.

പനയിൽ താവളമടിച്ച ചെറിയ തരം വവ്വാലുകളെ നിരീക്ഷിച്ചു. സമീപത്ത് ഒരു പൂച്ച ചത്തുകിടക്കുന്നത് കണ്ടതായി നാട്ടുകാർ അറിയിച്ചു. കുറ്റ്യാടി പുഴയോരത്തെ വവ്വാലുകൾ താവളമാക്കിയ മരങ്ങളും സന്ദർശിച്ചു. ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

20 ഡോസ് മോണോക്ലോണൽ ആന്റിബോഡി കൂടി എത്തിക്കും

ന്യൂഡൽഹി: നിപ രോഗികളുടെ ചികിത്സക്കായി ആസ്ട്രേലിയയിൽനിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡി കൂടി എത്തിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ രാജീവ് ബാഹൽ പറഞ്ഞു.

2018ൽ ആസ്ട്രേലിയയിൽനിന്ന് ഏതാനും ഡോസ് ലഭിച്ചിരുന്നു. നിലവിൽ 10 രോഗികൾക്കുള്ള ആന്റിബോഡി മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇന്ത്യയിൽ ഇതുവരെ ആർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കുപുറത്ത് നിപ ബാധിതരായ 14 പേർക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. അവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് ഒന്നാംഘട്ട പരീക്ഷണം മാത്രമാണ് വിദേശത്ത് നടന്നിട്ടുള്ളത്.

ഫലപ്രാപ്തി പരീക്ഷണം നടന്നിട്ടില്ല. മറ്റ് മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ഇത് നൽകുന്നത്. രോഗബാധയുടെ ആദ്യ ഘട്ടത്തിലാണ് മോണോക്ലോണൽ ആന്റിബോഡി നൽകേണ്ടത്. ആന്റിബോഡി ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേരള സർക്കാറും ഡോക്ടർമാരും രോഗികളുടെ കുടുംബാംഗങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി വിദ്യാർഥികൾക്ക് നിപ സർട്ടിഫിക്കറ്റ്; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

ന്യൂഡൽഹി: കോഴിക്കോട്ട് നിപ കേസുകൾ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇറക്കിയ ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് ഇന്ദിര ഗാന്ധി നാഷനല്‍ ട്രൈബല്‍ സർവകലാശാല (ഐ.ജി.എൻ.ടി.യു) പിൻവലിച്ചു. മധ്യപ്രദേശിലെ അമര്‍കണ്ടകിലുള്ള സര്‍വകലാശാലയിലെ പ്രോക്ടോറിയല്‍ ബോര്‍ഡാണ് മലയാളി വിദ്യാര്‍ഥികളില്‍നിന്ന് നിപ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സർവകലാശാല കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രോക്ടർ എം.ടി.വി. നാഗരാജു ഒപ്പിട്ട ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു, എം.പിമാരായ ടി.എൻ. പ്രതാപൻ, ഡോ. വി. ശിവദാസൻ, എ.എ. റഹീം, വിദ്യാർഥി സംഘടനയായ എം.എസ്.എഫ് അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഉത്തരവ് പിൻവലിച്ച് മലയാളി വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.

Tags:    
News Summary - Central team in Maruthonkara to search for Nipah source

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.