കൽപറ്റ: റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ കേന്ദ്രവിഷ്കൃത പദ്ധതികളുടെ നിര്‍വഹണം ജില്ലയില്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതിയുമായി ബന്ധപ്പെട്ട് ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലയില്‍ അനുവദിച്ച 11 റോഡുകളുടെ നിർമാണ പുരോഗതികള്‍ രാഹുല്‍ ഗാന്ധി എം.പി വിലയിരുത്തി.
അഞ്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും അഞ്ചെണ്ണം ടെൻഡര്‍ നടപടികള്‍ സ്വീകരിച്ചതായും ഒരെണ്ണം നിര്‍മാണ പുരോഗതിയിലാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു. രണ്ടു പാലങ്ങളുടെ നിര്‍മാണത്തിനുള്ള പ്രാരംഭനടപടികള്‍ മുന്നേറുകയാണ്. കേന്ദ്രഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയ വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിര്‍മാണം പാതിവഴിയിലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. റോഡ് നിര്‍മാണത്തിലെ നിലവിലെ സാഹചര്യങ്ങള്‍ പൊതുമരാമത്ത് അധികൃതരില്‍ നിന്നും ആറഞ്ഞു. ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡുപണി താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതുപൂര്‍ത്തിയായാല്‍ ഉടന്‍ തുടങ്ങുമെന്നും രണ്ടുമാസത്തിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.
താമരശ്ശേരി ചുരം റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി ദേശീയപാത അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കി. വയനാട് നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ചുരത്തില്‍ വീതികൂട്ടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജിലെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ഭൂമി ഏറ്റെടുക്കുന്ന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്നും എം.പി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ജില്ലയിലെ ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ആയുഷ്മാന്‍ മന്ദിര്‍ തുടങ്ങിയ പ്രോജക്ടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ യോഗത്തെ അറിയിച്ചു. സിക്കിള്‍ സെല്‍ അനീമിയ, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് രംഗത്തെ പ്രവര്‍ത്തന പുരോഗതികളും വിശദീകരിച്ചു. ജില്ലയില്‍ 45 ശതമാനം കേന്ദ്ര ഫണ്ട് ചെലവഴിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ പദ്ധതി നിര്‍വഹണത്തില്‍ 99.59 ശതമാനം കൈവരിച്ചതായും ഇത് സംസ്ഥാന ശരാശരിക്കൊപ്പമാണെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഗോത്രവിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന ഉന്നതിക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.കെ അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ല കലക്ടര്‍ ഡോ. രേണുരാജ് ദിശ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, അഡ്വ. ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അമൃത് സൗജന്യ കുടിവെള്ള പദ്ധതിയുടെയും ഇ. ഹെൽത്ത് പ്രഖ്യാപന ചടങ്ങും ബഹിഷ്കരിച്ച് സി.പി.എം. രണ്ടുപദ്ധതികളും എൽ.എഫ്.യു.പി സ്കൂളിൽ രാഹുൽ ഗാന്ധി എം.പിയാണ് ഉദ്ഘാടനം ചെയ്തത്. രാവിലെ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പഴശ്ശി അനുസ്മരണ ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ പങ്കെടുത്തിരുന്നു.
വൈകുന്നേരത്തേ പരിപാടിയിൽ എം.എൽ.എയുടെയും സി.പി.എം കൗൺസിലർമാരുടെയും പേരുകൾ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സുകളിൽ എം.എൽ.എയുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മുമ്പ് ഉദ്ഘാടനം ചെയ്ത ഇ-ഹെൽത്ത് പരിപാടി വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് പ്രഹസനമായതിനാലാണ് വിട്ടുനിന്നതെന്നാണ് സി.പി.എം കൗൺസിലർമാർ പറയുന്നത്.
മാനന്തവാടി: നാടിന്റെ വികസന മുന്നേറ്റത്തിന് പരസ്പര സൗഹാര്‍ദവും സഹകരണവും അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. നഗരസഭ തെളിനീര് അമൃത് 2.0 സൗജന്യകുടിവെള്ള പദ്ധതിയുടെയും പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്റര്‍ ഇ. ഹെല്‍ത്ത് പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ യു.പി സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയാരിരുന്നു അദ്ദേഹം. ജനക്ഷേമ പദ്ധതികളിലൂടെയാണ് യഥാര്‍ഥ വികസനം സാധ്യമാകുന്നത്. വയനാട്ടുകാര്‍ എനിക്ക് എന്നും പ്രിയപ്പെട്ടവരും എന്റെ കുടുംബമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷതവഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായിരുന്നു. വാളാട് പി.എച്ച്സിക്ക് കീഴിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിന് അനുവദിച്ച ആബുലന്സിന്റെ താക്കോല്‍ദാനം ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. പൊതു ശൗചാലയത്തിന് സ്ഥലം വിട്ടുനല്‍കിയ കാര്‍മല്‍ അപ്പോസ്തലിക്ക് സഭ പ്രതിനിധി സിസ്റ്റര്‍ റോഷ്നയെയും നഗരസഭയിലെ ഇ ഹെല്‍ത്ത് പദ്ധതിക്ക് നേതൃത്വം നല്കിയ രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. അജയ് ജേക്കബിനെയും ചടങ്ങില്‍ ആദരിച്ചു. പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററില്‍ ഇ. ഹെല്‍ത്ത് സംവിധാനത്തിന്റെ പ്രഖ്യാപനവും വേദിയില്‍ നടന്നു.
ചുരത്തിലെ ഗതാഗതക്കുരുക്ക്: രാഹുൽ ഗാന്ധി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു
2018ല്‍ വനഭൂമി വിട്ടുകിട്ടിയിട്ടും ആറ്, ഏഴ്, എട്ട് ചുരം വളവുകളുടെ വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വൈകിയതിനെ കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ആരാഞ്ഞു
കല്പറ്റ: ചുരത്തിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാഹുല്‍ഗാന്ധി എം.പി നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസ്, ബദല്‍റോഡുകള്‍, രാത്രിയാത്ര ഗതാഗത നിരോധനം നീക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് പ്രശ്നപരിഹാരം തേടി രാഹുല്‍ഗാന്ധി പ്രത്യേകയോഗം വിളിച്ചുചേര്‍ത്തത്. 2018ല്‍ വനഭൂമി വിട്ടുകിട്ടിയിട്ടും ആറ്, ഏഴ്, എട്ട് ചുരം വളവുകളുടെ വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വൈകിയതിനെ കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി കൈകൊള്ളണമെന്നും. ഇതിനായി 60 കോടി അനുമതിക്കായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിയുമായി സംസാരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. വയനാട് ചുരംറോഡിന്റെ ബൈപാസ്, ബദല്‍റോഡുകളുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വയനാടിന് റെയില്‍പാത ലഭ്യമാക്കാനും രാത്രിയാത്ര ഗതാഗതനിരോധനം ഒഴിവാക്കാനുമുള്ള ശ്രമങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.