തിരുവനന്തപുരം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി രൂപത. ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവത്കരിക്കുന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി പോയത് എന്തുകൊണ്ടാണെന്ന് ചങ്ങനാശേരി രൂപത സഹായ മെത്രാൻ തോമസ് തറയിൽ ചോദിച്ചു. മറ്റേതെങ്കിലും മതത്തിന്‍റെ പശ്ചാത്തലമായിരുന്നെങ്കിൽ സിനിമ തിയറ്റർ കാണില്ലായിരുന്നെന്നും അവർ തിയറ്റർ കത്തിക്കുമായിരുന്നെന്നും തോമസ് തറയിൽ ആരോപിച്ചു.
നമ്മളെ പരിഹസിക്കുന്നു, അപമാനിക്കുന്ന ചലച്ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ കിട്ടുന്ന കാലഘട്ടമാണിത്. നമുക്കെതിരായ വാർത്തകൾക്ക് സ്പോൺസേഴ്സിനെ കിട്ടാൻ ഒരു പഞ്ഞവുമില്ല. മമ്മൂട്ടിയെന്ന താരമൂല്യമുള്ള നടൻ അഭിനയിച്ച സിനിമയിൽ, ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവത്കരിക്കുന്ന സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായി പോയത് എന്തുകൊണ്ടാണ്? അതിന്‍റെ പശ്ചാത്തലം ക്രൈസ്തവ ദേവാലയമായി പോയത് എന്തുകൊണ്ടാണ്? വേറെ ഏതെങ്കിലും മതത്തിന്‍റെ പശ്ചാത്തലത്തിൽ ആ സിനിമയെടുത്തിരുന്നെങ്കിൽ അത് തിയറ്റർ കാണില്ല. അവർ തിയറ്റർ കത്തിക്കും. നമ്മുടെ സഹിഷ്ണുതയും നമ്മുടെ നന്മയും ചൂഷണം ചെയ്തുകൊണ്ട് നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ജാഗ്രത വേണം -തോമസ് തറയിൽ പ്രസംഗത്തിൽ പറഞ്ഞു.
നവംബർ 23നാണ് ‘കാതൽ’ തിയറ്ററുകളിലെത്തിയത്. സിനിമയുടെ റിലീസിന് ശേഷം നിരവധി വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. 12 വർഷത്തിനുശേഷം ജ്യോതിക മലയാളത്തിലെത്തിയ ചിത്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.