ഭൂമി തരം മാറ്റൽ: ജീവനക്കാരുടെ സേവനം നീട്ടി

തിരുവനന്തപുരം: തീർപ്പാക്കാനുള്ള അപേക്ഷകൾ വർധിച്ചതോടെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നിയമിച്ച താൽക്കാലിക ജീവനക്കാരുടെ സേവനകാലം ആറുമാസം കൂടി നീട്ടി. സംസ്ഥാനത്തെ 27 ആര്‍.ഡി ഓഫിസുകളിലും അപേക്ഷകൾ ശേഷിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സേവനം നീട്ടുന്നതിനൊപ്പം ഓഫിസ് സൗകര്യങ്ങളും നിലനിര്‍ത്തും. ഫീല്‍ഡ് പരിശോധനക്ക് രണ്ട് വില്ലേജുകള്‍ക്ക് ഒരു വാഹനം എന്ന നിലയില്‍ ആറുമാസത്തേക്ക് വാടകക്ക് എടുക്കാനും നിർദേശിച്ചിട്ടുണ്ട്.

നിലവില്‍ 17,257 ഓഫ്ലൈന്‍ അപേക്ഷയും 1,51,921 ഓണ്‍ലൈന്‍ അപേക്ഷയും തീര്‍പ്പാക്കാനുണ്ട്. ഫെബ്രുവരി ആദ്യം 2,12,169 അപേക്ഷയാണ് ഉണ്ടായിരുന്നത്. ഇതില്‍ 91 ശതമാനവും തീര്‍പ്പാക്കിക്കഴിഞ്ഞു. 3000 അപേക്ഷ തീര്‍പ്പാക്കുന്നതോടെ 300 കോടിയുടെ അധികവരുമാനം സര്‍ക്കാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. ഒമ്പത് ആർ.ഡി ഓഫിസുകളില്‍ 5000ത്തിലധികം അപേക്ഷ തീര്‍പ്പാക്കാനുണ്ട്. അവിടെ ഒരു ജൂനിയര്‍ സൂപ്രണ്ട്, നാല് ക്ലര്‍ക്ക്, ഒരു ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നിവര്‍ക്കാണ് താൽക്കാലിക പുനര്‍നിയമനം നൽകുക.

ജൂനിയര്‍ സൂപ്രണ്ടുമാരെ സെലക്ട് പട്ടികയിൽനിന്ന് താൽക്കാലിക ഉദ്യോഗക്കയറ്റം നൽകിയാണ് നിയോഗിക്കുക. 2000-5000 അപേക്ഷ തീര്‍പ്പാക്കാനുള്ള ഒമ്പത് ആര്‍.ഡി ഓഫിസുകളില്‍ രണ്ട് ക്ലര്‍ക്കുമാരെയാകും നിയമിക്കുക. ഇവയുടെ പരിധിയില്‍വരുന്ന 51 താലൂക്കുകളില്‍ ഒരു ക്ലര്‍ക്ക്, മൂന്ന് സർവേയര്‍ എന്നിവര്‍ക്കും നിയമനം നൽകും. അഞ്ച് ആര്‍.ഡി ഓഫിസുകളില്‍ 1000-2000 അപേക്ഷ തീര്‍പ്പാക്കാനുണ്ട്. ഇവിടെയും രണ്ട് ക്ലര്‍ക്കുമാര്‍ക്കും ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ക്കും പുനര്‍നിയമനം നൽകും. ആയിരത്തില്‍ താഴെ അപേക്ഷകളുള്ള നാല് ആര്‍.ഡി ഓഫിസുകളില്‍ റവന്യൂവകുപ്പിൽ നിന്നുതന്നെ അധിക ജീവനക്കാരെ നിയമിച്ച് തീര്‍പ്പാക്കും.

Tags:    
News Summary - Change of land type: Service of employees extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.