വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: 750 പേജുള്ള കുറ്റപത്രം; രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികൾ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കൃതിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 40 രേഖകളും 60 സാക്ഷി മൊഴികളുമുൾപ്പെടെ 750 പേജുള്ള കുറ്റപത്രം കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.

വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് തെളിഞ്ഞതായി എ.സി.പി വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചുവെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പ്രതികരിച്ചു. നഷ്ടപരിഹാരം കൂടി ലഭിക്കുമ്പോഴേ നീതി പൂർണമാകൂ എന്നും ഹർഷിന പറഞ്ഞു.

2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് മെഡിക്കൽ കോളജിൽ ഹർഷിനയുടെ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ജോലിചെയ്യുന്ന ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നീ നാലുപേരെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. ഡോ. സി.കെ. രമേശൻ, എം. രഹന, കെ.ജി. മഞ്ജു എന്നിവർ സർക്കാർ ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. ഇവരെ കുറ്റവിചാരണ ചെയ്യുന്നതിന് സർക്കാറിൽ നിന്ന് അനുമതി വൈകിയതാണ് കുറ്റപത്രം സമർപ്പിക്കൽ വൈകാനിടയാക്കിയത്.

കേസിന്റെ ആദ്യഘട്ടത്തിൽ ഡോക്ടർമാരെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിലപാട്. എന്നാൽ, ഹർഷിന സമരവുമായി രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഈ അന്വേഷണത്തിലാണ് ആർട്ടറി ഫോർസെപ്‌സ് മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയത് എന്ന് കണ്ടെത്തിയത്. എന്നാൽ, ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു.

Tags:    
News Summary - chargesheet submitted in Harshina Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.