കൊച്ചി: ചവറ, കുട്ടനാട് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ തടയണമെന്ന ഹരജി ഹൈകോടതി തള്ളി. ഭരണഘടനസ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ ചുമതല നിർവഹിക്കുന്നത് തടയാൻ കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വോട്ടേഴ്സ് അസോസിയേഷൻ ഒാഫ് കേരള സംഘടന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ നൽകിയ ഹരജി തള്ളിയത്.
നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ നാലു മാസത്തെ കാലാവധിക്ക് മാത്രമായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ വേണ്ടിവരുന്ന കോടികളുടെ പാഴ്ചെലവ് ഒഴിവാക്കണമെന്നും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതായും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനംപോലും പുറപ്പെടുവിച്ചിട്ടില്ലെന്നും ഹരജി അപക്വമാണെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ വാദം. ഈ വാദവും കൂടി പരിഗണിച്ചാണ് ഹരജി തള്ളി കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.