വടകര: എ.ടി.എം വിവരങ്ങളും പിന് നമ്പറും ചോര്‍ത്തി നടക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വില്യാപ്പള്ളി പടിഞ്ഞാറെ കണ്ടിയില്‍ ജൂബൈര്‍ (33), കായക്കൊടി മഠത്തുംകണ്ടി എം.കെ. ഷിബിന്‍ (23) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 23 മുതലാണ് വടകരയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളില്‍നിന്നും ഉടമ അറിയാതെ പണം പിന്‍വലിച്ചതായി സന്ദേശം വന്നത്. ഇത്തരത്തില്‍ 30 പരാതികളാണ് വടകര സ്റ്റേഷനില്‍ ലഭിച്ചത്. ബുധനാഴ്ച വരെ വിവിധ അക്കൗണ്ടുകളില്‍നിന്നായി 5,10,000 രൂപ നഷ്ടപ്പെട്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വന്‍ തട്ടിപ്പ് സംഘമാണിതിനുപിന്നിലുള്ളത്. ഇവരില്‍പ്പെട്ട മൂന്നുപേര്‍ വടകരയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ 16 വരെ വടകരയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ചാണ് തട്ടിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിർമിക്കുന്നതിനാവശ്യമായ പിന് നമ്പര്‍ അടക്കമുള്ള കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് ഉത്തരേന്ത്യയിലുള്ള മൂന്ന് കൂട്ടുപ്രതികള്‍ക്ക് നല്‍കിയാണ് വടകര സ്വദേശികള്‍ തട്ടിപ്പിെൻറ ഭാഗമായത്. പിന്‍വലിക്കപ്പെട്ട പണത്തില്‍ നിന്നും ഒരു വിഹിതം ഇവര്‍ക്ക് കിട്ടിയതായി പൊലീസ് പറയുന്നു. തട്ടിപ്പ് നടത്തുന്നതിനാവശ്യമായ സോഫ്റ്റ്വെയർ വാങ്ങിയതിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു. അറസ്റ്റിലായ രണ്ടുപേരും എൻജിനീയറിങ് ബിരുദധാരികളാണ്. വടകര പുതിയ ബസ്സ്റ്റാൻഡിനടുത്ത് ഐ.ടി സ്ഥാപനം നടത്തിവരുകയാണിരുവരും. ഇവരില്‍ തട്ടിപ്പിനുപയോഗിച്ച മൂന്നു മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. എ.ടി.എം കൗണ്ടറില്‍ പ്രത്യേക കാമറ സ്ഥാപിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഫെബ്രുവരി 10 മുതല്‍ 16 വരെ ഈ രണ്ട് എ.ടി.എം കൗണ്ടറിൽ എത്തിയവര്‍ എത്രയും വേഗം പിന് നമ്പര്‍ മാറ്റണം.
അന്വേഷണ സംഘത്തില്‍ റൂറല്‍ എസ്.പി എ. ശ്രീനിവാസ്, ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്, ഐ.പി. എസ്.എച്ച്.ഒ. സുഷാന്ത്, എസ്.ഐ. ഷറഫുദ്ദീന്, എസ്.സി.പി.ഒ സിജേഷ്, പ്രദീപന്, റിദേഷ്, ഷിനില്‍, സജിത്ത്, ഷിരാജ്, സൈബര്‍ സെല്‍ എക്സ്പേര്‍ട്ട് സരേഷ് എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.