പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ കൂരാച്ചുണ്ട് സ്പെഷൽ വില്ലേജ് ഒാഫിസർ പൂഴിത്തോട് തൈക്കടുപ്പിൽ സിലീഷ് തോമസ് (36) റിമാൻഡിൽ. പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇയാൾ കൊയിലാണ്ടി സബ്ജയിലിലാണ്. സിലീഷ് തിങ്കളാഴ്ച രാത്രി 11 മണിയോടെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തി സർക്കിൾ ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ മുമ്പാകെ കീഴടങ്ങുകയായിരുന്നു. രാത്രിതന്നെ അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച രാവിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽനിന്ന് വൈദ്യപരിശോധനക്കുശേഷം 11.45ഓടെയാണ് കോടതിയിൽ ഹാജരാക്കിയത്.
മാധ്യമങ്ങളിലെ വാർത്തകൾക്കനുസരിച്ച് തയാറാക്കിയ കേസാണിതെന്നും ചെമ്പനോടയിലെ വില്ലേജ് അസിസ്റ്റൻറായിരുന്ന സിലീഷിെൻറ അധികാരപരിധിയിലല്ല നികുതി സ്വീകരിക്കാനുള്ള ചുമതലയെന്നും അതിനാൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, കർഷകെൻറ ആത്മഹത്യ കുറുപ്പിൽ, താൻ ജോലിയിലുള്ള കാലംവരെ നികുതി വാങ്ങില്ലെന്ന് സിലീഷ് പറഞ്ഞതായി പരാമർശിക്കുന്നുണ്ട്. ഇതാണ് കർഷകെൻറ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതുകൊണ്ട് ജാമ്യമനുവദിക്കരുതെന്നും സർക്കാറിനുവേണ്ടി ഹാജരായ എ.പി.പി വാദിക്കുകയായിരുന്നു.
പേരാമ്പ്ര ജെ.എഫ്.സി.എം ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ ബുധനാഴ്ച ഹൈകോടതിയിൽ വീണ്ടും ജാമ്യപേക്ഷ നൽകുമെന്ന് സിലീഷിെൻറ ബന്ധുക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ചെമ്പനോട കാവിൽപുരയിടത്തിൽ തോമസ് (57) വില്ലേജ് ഒാഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിെൻറ ബൈക്കിൽനിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിലാണ് ചെമ്പനോട വില്ലേജിൽ മുമ്പ് വില്ലേജ് അസിസ്റ്റൻറായിരുന്ന സിലീഷ് തോമസിനെതിരെ പരാമർശമുള്ളത്.
ഒന്നര വർഷം മുമ്പ് ചെമ്പനോട വില്ലേജിൽനിന്ന് ചങ്ങരോത്ത് വില്ലേജിലേക്ക് സ്ഥലംമാറിയ സിലീഷ് സ്പെഷൽ വില്ലേജ് ഒാഫിസറായി പ്രമോഷൻ ലഭിച്ച് രണ്ടു മാസത്തോളം ചെമ്പനോടയിൽ ജോലി ചെയ്തു. ജൂണിൽ കൂരാച്ചുണ്ട് വില്ലേജിലേക്ക് സ്ഥലംമാറി പോവുകയായിരുന്നു. തോമസിെൻറ സഹോദരൻ ജിമ്മി എന്ന ജയിംസിനെതിരെയും ആത്മഹത്യ കുറിപ്പിൽ പരാമർശമുണ്ട്. ഇയാളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എന്നാൽ, കേസ് വഴിതിരിച്ചുവിടാനാണ് ജിമ്മിയെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നാണ് തോമസിെൻറ ബന്ധുക്കൾ പറയുന്നത്. സ്ഥലം സംബന്ധിച്ച് തോമസുമായി തർക്കമില്ലായിരുന്നെന്നും മാനസികമായി അകൽച്ച ഉണ്ടായിരുന്നുവെന്നും ജിമ്മി പറഞ്ഞു.
വില്ലേജ് ഒാഫിസറെ ബലിയാടാക്കുന്നെന്ന് ബന്ധുക്കൾ
പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ജയിലിലടച്ച കൂരാച്ചുണ്ട് സ്പെഷൽ വില്ലേജ് ഒാഫിസർ സിലീഷ് തോമസിനെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ചെമ്പനോട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വാറി -ഭൂമാഫിയകൾക്ക് സിലീഷിനോട് പകയുണ്ട്. കർഷകെൻറ ആത്മഹത്യ ഇവർ സിലീഷിനെ കുടുക്കാൻ ഉപയോഗിക്കുകയാണ്. സിലീഷ് ചെമ്പനോട വില്ലേജിൽ ജോലി ചെയ്യവെ അനധികൃത ക്വാറികൾക്കെതിരെയും പുഴ കൈയേറ്റങ്ങൾക്കെതിരെയും റിപ്പോർട്ട് നൽകിയിരുന്നു. ഇദ്ദേഹം കൈക്കൂലി വാങ്ങില്ലെന്ന് മാത്രമല്ല അത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നയാൾ കൂടിയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.
നിയമാനുസൃതമല്ലാതെ ഒരു കാര്യവും ഇതുവരെ ഇദ്ദേഹം ചെയ്തിട്ടില്ല. നികുതി സ്വീകരിക്കാത്ത പ്രശ്നമുന്നയിച്ച് തോമസും കുടുംബവും വില്ലേജ് ഒാഫിസിനു മുന്നിൽ നിരാഹാര സമരം നടത്തുമ്പോൾ സിലീഷ് ചങ്ങരോത്ത് വില്ലേജിലാണ് ജോലി ചെയ്യുന്നത്.തോമസിെൻറ ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.