വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തും സംഭവിക്കാമെന്ന് ചെറിയാൻ ഫിലിപ്പ്

കോഴിക്കോട്: തന്‍റെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയത്തെയും കോവിഡ് ലോകത്തോട് ഉപമിച്ച് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്.

സി.പി.എമ്മിനാൽ രണ്ട് തവണ വഞ്ചിക്കപ്പെട്ട ചെറിയാൻ ഫിലിപ്പ് പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.


അപരാധങ്ങളേറ്റു പറഞ്ഞ്, തെറ്റുകൾ തിരുത്തി തിരിച്ചു വന്നാൽ അർഹിക്കുന്ന പ്രാധാന്യത്തോടെ കോൺഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ സി.പി.എമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതിൽ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ തെളിവാണ് ചെറിയാൻ ഫിലിപ്പ്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചു. സി.പി.എമ്മിന്‍റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, മുഖപ്രസംഗത്തോട് പ്രതികരിച്ച ചെറിയാൻ ഫിലിപ്പ്, രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശരീരത്തിലും മനസ്സിലും കറപുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Cherian Philip says anything can happen tomorrow in personal life and politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.