ചെറുപുഴ (കണ്ണൂർ): ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസ് (78), ഭാര്യ റാഹേല്‍ (72) എന്നിവരെ കുത്തിക്കൊലപ്പെടുത്തുകയും മകന് ഡേവിഡിനെ (47) കുത്തിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതി പൊട്ടക്കല്‍ ബിനോയിയെ (40) ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കൊല നടന്ന ജോസ്ഗിരിയിലെത്തിച്ചു തെളിവെടുത്തു. വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോവുകയും പിന്നീട് പെണ്‍സുഹൃത്തിനൊപ്പം ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ബിനോയിയെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ 16ന് ബിനോയിക്കൊപ്പം തൂങ്ങിമരിക്കാന്‍ ശ്രമിച്ച പെണ്‍സുഹൃത്ത് നീതു (29) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 18 വര്‍ഷം മുമ്പ് സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരുകയായിരുന്ന ബിനോയി പരോളിലിറങ്ങിയ ശേഷമാണ് കഴിഞ്ഞ 13ന് വൈകീട്ട് പിതൃസഹോദരനായ പൗലോസിനെയും ഭാര്യ റാഹേലിനെയും കുത്തിക്കൊലപ്പെടുത്തുകയും ഇവരുടെ മകന് ഡേവിഡിനെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തത്.
ചെറുപുഴ ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ്കുമാര്‍, എസ്.ഐമാരായ എം.പി. വിജയകുമാര്‍, സി. തമ്പാന്, എ.എസ്.ഐമാരായ കെ.വി. സുനീഷ്കുമാര്‍, എം. പ്രകാശന്, സീനിയര്‍ പൊലീസ് ഓഫിസര്‍ കെ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. പ്രതി കൊലക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.