തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിർദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണയാണ് ഇതുസംബന്ധിച്ച നിർദേശം ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നൽകിയത്.
ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് നിർദേശം. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റവെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കണം.
ശേഷം ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കണം. ഈ പട്ടിക ഇരട്ട വോട്ടർമാരെ ശ്രദ്ധിക്കാനായി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. കൂടാതെ, ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണംമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ നിർദേശിക്കുന്നു.
ഇരട്ട വോട്ട് കണ്ടെത്തേണ്ടത് പോളിങ് ഒാഫീസറുടെ ഉത്തരവാദിത്തമാണ്. ആൾമാറാട്ടം കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ വ്യക്തമാക്കുന്നു.
ഇരട്ടവോട്ടുള്ളവരുടെ കൈയിൽ പുരട്ടിയ മഷി പൂർണമായും ഉണങ്ങുംവരെ പോളിങ് ബൂത്തിലുണ്ടാവണം. മഷി മായ്ച്ച് രണ്ടാമതും വോട്ട് ചെയ്യുന്നത് തടയാൻ വേണ്ടിയാണ് പുതിയ നടപടിയെന്നും കലക്ടർമാർക്ക് അയച്ച കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ വിവരിക്കുന്നു.
സംസ്ഥാനത്തെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ശരിവെച്ചിരുന്നു. ഏഴ് ജില്ലകളില്‍ ഇരട്ട വോട്ട് കണ്ടെത്തിയതായി കലക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
വൈക്കം നിയോജക മണ്ഡലത്തില്‍ 1606 ഇരട്ട വോട്ടുകൾ ഉണ്ടെന്ന പരാതിയിൽ 540 എണ്ണവും ഇടുക്കിയില്‍ 1168 എണ്ണമുണ്ടെന്നതിൽ 434ഉം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ 570, പാലക്കാട് 800 കാസർകോട് 640 എണ്ണം വീതവും തവനൂരില്‍ 4395 എണ്ണത്തിൽ 70 ശതമാനവും കോഴിക്കോട് 3767ൽ 50 ശതമാനവും ഇരട്ട വോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചത്.
ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദുമ അസിസ്റ്റൻറ് ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസറായ െഡപ്യൂട്ടി തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബൂത്ത് ലെവൽ ഒാഫിസറുടെ പരിേശാധന ഇല്ലാതെയാണ് പുതിയ കാർഡുകൾ അനുവദിച്ചത്. കുമാരിയുടെ പേരിൽ നൽകിയ അധിക നാല് കാർഡുകളും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.