തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിന്മേൽ സംസാരിക്കുന്നതിനിടെ കോടതിയില്‍ ഇ.ഡി നല്കിയ റിമാൻഡ് റിപ്പോര്‍ട്ടിലെ വാട്സ്ആപ് ചാറ്റുകള്‍ ഉൾപ്പെടെ ഭാഗങ്ങൾ കുഴല്നാടന് സഭയില്‍ വായിച്ചതോടെയാണ് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. ഇ.ഡിയുടെ റിപ്പോര്‍ട്ട് ശരിയല്ലെങ്കില്‍ മുഖ്യമന്ത്രി കോടതിയെ സമീപിക്കണമെന്ന് കുഴല്നാടന് ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഇപ്പോള്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
സ്വപ്നയും കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ ക്ലിഫ്ഹൗസില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ നല്കിയ റിമാൻഡ് റിപ്പോര്‍ട്ടിലുണ്ടെന്ന് കുഴല്നാടന് വ്യക്തമാക്കി. പദ്ധതി നടപ്പാക്കാൻ റെഡ്ക്രസന്റില്‍നിന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അഴിമതി തുടങ്ങിയതെന്ന് സ്വപ്നയുടെ ചാറ്റ് ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോയെന്നും കുഴല്നാടന് വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി, പറഞ്ഞത് പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും ക്ഷുഭിതനായി മറുപടി നല്കി.
കുഴല്നാടന്: ഇ.ഡിയുടെ റിമാൻഡ് റിപ്പോര്‍ട്ടില്‍ തെറ്റായ കാര്യമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കില്‍ മുഖ്യമന്ത്രി കോടതിയെ സമീപിക്കണം.
മുഖ്യമന്ത്രി: താങ്കള്‍ നിഷേധിക്കുന്നുവോ എന്ന് ചോദിച്ചതിനാണ് മറുപടി നല്‍കിയത്. നിയമോപദേശം ആവശ്യമില്ല. ഇ.ഡിയുടെ വക്കീലായാണ് വന്നതെങ്കില്‍ അവിടെ പറഞ്ഞാല്‍ മതി.
കുഴല്നാടന്: ഇത് ഞാന്‍ എഴുതിയ തിരക്കഥയല്ല, ഇ.ഡി കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. തെറ്റായ റിപ്പോര്‍ട്ടാണ് നല്കിയതെങ്കില് മുഖ്യമന്ത്രി കോടതിയെ സമീപിക്കണം. ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കാം.
മുഖ്യമന്ത്രി: എനിക്ക് അത്തരം ഉപദേശം വേണ്ടിവരുമ്പോള്‍ സ്വീകരിച്ചോളാം. ഇപ്പോള്‍ എനിക്ക് എന്റെയും സര്‍ക്കാറിന്റെയും സംവിധാനങ്ങളുണ്ട്. അതനുസരിച്ചാണ് മുന്നോട്ടുപോകുന്നത്.
കുഴല്നാടന്: സ്വപ്നക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞിട്ടുണ്ട്. അത് നിഷേധിക്കുമോ?
മുഖ്യമന്ത്രി: എത്ര ചോദിച്ചാലും അതിനൊക്കെ ഒരു ഉത്തരമേയുള്ളൂ. ഇക്കാര്യമൊക്കെ അദ്ദേഹം (കുഴൽനാടൻ) ഇവിടെ വരുന്നതിന് മുമ്പുതന്നെ ചര്‍ച്ചചെയ്ത് കഴിഞ്ഞതാണ്. ഒരു ഘട്ടത്തിലും ആരുമായും ഇത്തരം ഒരുകാര്യവും സംസാരിച്ചിട്ടില്ല. എന്നോട് ആരും ഒന്നും ചോദിച്ചിട്ടുമില്ല. അങ്ങനെ ചെയ്യാത്തതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതും.
ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ബഹളം കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച സഭാനടപടികൾ പുനരാരംഭിച്ചപ്പോൾ 2020 മുതല്‍ വിജിലൻസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി അത് അട്ടിമറിച്ചെന്നും കുഴല്നാടന് ആരോപിച്ചു. ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി, പ്രമേയത്തില്‍ വാദങ്ങളോ വ്യാജ യുക്തികളോ ആരോപണങ്ങളോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി. തന്നെ തെരഞ്ഞെടുത്ത് വിട്ടത് ജനങ്ങളുടെ കാര്യങ്ങള്‍ ഇവിടെ പറയാനാണെന്നും നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ സംസാരിക്കാനല്ലെന്നും കുഴല്നാടന് തിരിച്ചടിച്ചു. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകണമെന്നും പറഞ്ഞു.
ഒരംഗം ഇവിടെ വന്ന് എന്തും വിളിച്ചുപറയുന്നതിന് താന്‍ കോടതിയില്‍ പോകേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അതിന് മറുപടി പറയാന്‍ തനിക്ക് ആര്‍ജവമുണ്ട്. അത് ഇവിടെ തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കും പറയാന്‍ ആര്‍ജവമുണ്ടെന്നും താനും പറയുമെന്നും കുഴല്നാടൻ ഉച്ചത്തിൽ മറുപടി നല്കി.തുടർന്ന് ഭരണ-പ്രതിപക്ഷാംഗങ്ങൾ പരസ്പരം പോർവിളി തുടങ്ങിയതോടെ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഇടപെട്ട് തര്‍ക്കം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.