മുഖ്യമന്ത്രി നിഴലിനെപ്പോലും ഭയപ്പെടുന്ന ഭീരു -മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രി തന്റെ നിഴലിനെപ്പോലും ഭയപ്പെടുന്ന തികഞ്ഞ ഭീരുവാണെന്ന് മുൻ ആഭ്യന്തര സഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പൊലീസിന് അവസാനിപ്പിക്കാന്‍ സാധിക്കാത്ത അക്രമ രാഷ്ട്രീയം മുഖ്യമന്ത്രി മനസ്സുവെച്ചാൽ അവസാനിപ്പിക്കാൻ കഴിയും. അക്രമ രാഷ്ട്രീയത്തിന്റെ ആളുകൾ എപ്പോഴും സി.പി.എമ്മാണ്. ക്രിമിനൽ രാഷ്ട്രീയം അവരാണ് തുടങ്ങിയത്. സി.പി.എം ആയുധത്തിന്റെ വഴിയിൽ പോകില്ലെന്ന രാഷ്ട്രീയ ആർജവം കാണിച്ചാൽ കേരളത്തിൽ ഇനി രാഷ്ട്രീയ കൊലപാതകം ഉണ്ടാകില്ല. ചരിത്രം അതാണ്. പക്ഷേ, മുഖ്യമന്ത്രി തികഞ്ഞ ഭീരുവാണ്, തന്റെ നിഴലിനെ പോലും ഭയപ്പെടുന്ന ഭീരു -​അദ്ദേഹം പറഞ്ഞു.

കെ.കെ. രമ എം.എൽ.എയെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അത് യാദൃച്ഛികമെന്ന് കരുതാനാവില്ല. ആലോചിച്ച് ഉറപ്പിച്ച ഗൂഢാലോചനയുടെ ഭാഗമാണത്. കാരണം, അതിനു തുടക്കം കുറിച്ചത് സി.പി.എം രാജ്യസഭാംഗം എളമരം കരീമാണ്‌. അതിനു പിന്നാലെ കോഴിക്കോട് ജില്ല സെക്രട്ടറി മോഹനനും രമക്കെതിരെ പറ‍ഞ്ഞു. അതിനു ശേഷമാണ് എം.എം. മണി പറഞ്ഞത്. അതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നിയമസഭയിൽ പ്രസംഗം നടത്തി. നിയമമന്ത്രി പി. രാജീവും ന്യായീകരിച്ചു. കെ.കെ. രമ വടകരയിൽനിന്ന് ജയിക്കില്ലെന്നാണ് സി.പി.എം കരുതിയത്. അവർ ജയിച്ചശേഷം മുഖ്യമന്ത്രിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെയാണ്. അദ്ദേഹത്തിന്റെ സമനില തെറ്റി. എന്താണു പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നെങ്കിൽ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരാൻ സാധിക്കുമായിരുന്നു. അക്കാലത്ത് അതുണ്ടായില്ലെന്നത് ദൗർഭാഗ്യകരമാണ്. ടി.പി വധക്കേസ് സത്യസന്ധമായി അന്വേഷിച്ചാൽ, വലപൊട്ടിച്ച് പുറത്തുപോയ വൻ സ്രാവുകളെ പിടിക്കാൻ സാധിക്കുമായിരുന്നു. അവരെ പിടിച്ചിരുന്നെങ്കിൽ അക്രമ രാഷ്ട്രീയത്തിന് പൂർണ വിരാമമിടാൻ കഴിയുമായിരുന്നു. അത് നടക്കാതെ പോയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Chief Minister is a coward who fears even the shadow -Mullapally Ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.