തിരുവനന്തപുരം: നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ് വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പേരിൽ നടക്കുന്നതെന്നും പദ്ധതിയിൽനിന്ന് ഒരുനിലക്കും സർക്കാർ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സമരത്തിനിടെ ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, മന്ത്രി വി. അബ്ദുറഹ്മാനെതിരെ നടത്തിയ വർഗീയപരാമർശത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മുസ്‍ലിം പേരിനെ എന്തിനാണ് രാജ്യദ്രോഹിയാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
'നമ്മുടെ നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവൃത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹ്മാൻ എന്നായിപ്പോയി. ആ പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്ന് പറയാൻ ഒരാൾക്കുകഴിയുന്നു എന്നുവന്നാൽ എന്താണ് അതിന്റെ അർഥം? എങ്ങോട്ടാണ് പോകുന്നത്? എന്താണ് ഇളക്കി വിടാൻ നോക്കുന്ന വികാരം?' പിണറായിയുടെ ചോദിച്ചു.
നാടിന്റെ വികസനം തടയാൻ ഏത് വേഷത്തിൽ വന്നാലും അനുവദിക്കില്ല. ഒന്നുകൊണ്ടും സർക്കാറിനെ വിരട്ടാൻ പറ്റില്ല. നാല് തെറിയൊക്കെ വിളിക്കാൻ കഴിഞ്ഞേക്കും. അതിപ്പോൾ പറയുന്നുണ്ടല്ലാ. പ്രക്ഷോഭങ്ങളുടെ പേരിൽ പദ്ധതിയിൽനിന്ന് പിൻമാറില്ല. ഏതെങ്കിലും കൂട്ടർ എതിർക്കുന്നു എന്നു കരുതി ഈ സർക്കാർ പദ്ധതികളിൽനിന്ന് പിൻമാറും എന്ന് ആരും പ്രതീക്ഷിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.
'എന്താണോ ഗെയിൽ പദ്ധതിയുടെ കാര്യത്തിലും നാഷനൽ ഹൈവേയിലും ഇടമൺ കൊച്ചി പവർ ഹൈവേയിലും സംഭവിച്ചത് അത് തന്നെ വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും സംഭവിക്കും. അതിന് ഒരുവിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സർക്കാറിനെതിരെയുള്ള പ്രക്ഷോഭമാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യാപകമായ ആക്രമണമാണ് അവിടെ നടത്തിയത്. ഈകൂട്ടർ പൊലീസുകാരെ ഭീകരമായി ആക്രമിക്കുന്നു. കാല് തല്ലിയൊടിക്കുന്നു. എന്താണ് ഉണ്ടായ പ്രകോപനം? നമ്മുടേത് പോലൊരു സംസ്ഥാനത്ത് ഒരു ഘട്ടത്തിലും നടക്കില്ലെന്ന് കരുതുന്ന കാര്യങ്ങളാണ് നടക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പറയുന്നു, ആ ആക്രമണം യാഥാർഥ്യമാക്കുന്നു. പ്രത്യേകരീതിയിലുള്ള ഒരു ആൾക്കൂട്ടത്തെ സജ്ജമാക്കി കൃത്യമായ പദ്ധതികളിലൂടെയാണ് അവർ മുന്നോട്ടുപോകുന്നത്. ഇത് എന്തിനുവേണ്ടി എന്നതാണ് ചിന്തിക്കേണ്ട വിഷയം -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'ഹരിത ഊർജ്ജ വരുമാന പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള സ്മാർട്ട് കിച്ചൻ ഉപകരണ വിതരണം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, എം.ബി. രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഹരിത ഊർജ്ജ വരുമാന പദ്ധതിയുടെ ആദ്യഘട്ടമായി ആയിരത്തോളം വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച 400 വീടുകളിലും പട്ടികജാതി വകുപ്പ് നിർമ്മിച്ച 100 വീടുകളിലും സൗരോർജ്ജ പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിൽ രണ്ട് കലോവാട്ട് വീതം ശേഷിയുള്ളതും പട്ടികജാതി വകുപ്പ് നിർമ്മിച്ച് നൽകിയ വീടുകളിൽ മൂന്ന് കിലോവാട്ട് വീതം ശേഷിയുള്ളതുമായ സൗരോർജ്ജ പ്ലാന്റുകളാണ് സ്ഥാപിച്ചത്. ഈ കുടുംബങ്ങൾക്ക് ആവശ്യമായ വൈദ്യുതി സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയും എന്നതിന് പുറമേ അധികമായി ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയിൽ നിന്ന് ഇവർക്ക് നിശ്ചിത വരുമാനം കൂടി ലഭിക്കുമെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.