തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ ക്രിമിനലുകൾ തുടരുന്നത് എന്തിനെന്ന് പിണറായി വിജയൻ വിശദീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ സംഘടനകളെ ആക്രമിക്കുന്നവരെ മുഖ്യമന്ത്രി ചേർത്തു പിടിക്കുന്നു. പിണറായി എത്ര ചേർത്ത് പിടിച്ചാലും എല്ലാ ചങ്ങലകളെയും പൊട്ടിച്ച് അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.
ക്രിമിനലുകളെ വി.ഐ.പിയുടെ സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്ന് ചട്ടമുണ്ട്. അനിൽ കുമാറിനെയും സദ്ദീപിനെയും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ നിന്ന് നീക്കണം. സർക്കാറിനെതിരെ നിയമപോരാട്ടം തുടരും. സംസ്ഥാനത്ത് നിയമ സംരക്ഷണത്തിന് പൊലീസ് മേധാവിയില്ലാത്ത അവസ്ഥയാണ്. വാങ്ങുന്ന ശമ്പളത്തിന് കൂറ് കാണിക്കാൻ പൊലീസ് മേധാവി തയാറാകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഗൺമാന് ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ. സുരക്ഷാസേനയിലെ എസ്. സദ്ദീപും കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് മറ്റ് പ്രതികൾ. ആയുധം കൊണ്ട് ഗുരുതര പരിക്കേൽപ്പിക്കൽ, അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
യൂത്ത് കോൺഗ്രസ്- കെ.എസ്.യുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആലപ്പുഴ സൗത്ത് പൊലീസിന് നിർദേശം നൽകിയത്. ഗൺമാന്‍റെ മർദനമേറ്റ കെ.എസ്.യു ജില്ല പ്രസഡന്‍റ് എ.ഡി. തോമസ് നൽകിയ ഹരജിയിലാണ് കോടതി നിർദേശിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാന്മാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.