തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയിൽനിന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) മൊഴിയെടുത്തു. നൽകാത്ത സേവനത്തിന് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽനിന്ന് വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയെന്ന കേസിൽ കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
എസ്.എഫ്.ഐ.ഒ അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുന്ന ഘട്ടത്തിലാണ് നടപടി. ‘പ്രമുഖ വ്യക്തി’യുമായുള്ള ബന്ധം പരിഗണിച്ച് ഇല്ലാത്ത സേവനത്തിനുള്ള സാമ്പത്തിക ഇടപാടാണെന്നതാണ് മാസപ്പടി വിഷയത്തിൽ ക്രമക്കേട് എന്നതിനപ്പുറം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവും ഇ.ഡിയുമടക്കം നാല് ഏജൻസികൾ മുഖ്യമന്ത്രിയെ വട്ടമിടുന്നെന്ന് ചൂണ്ടിക്കാട്ടിയും കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ചും അന്വേഷണത്തെ സി.പി.എം പ്രതിരോധിച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം അന്വേഷണത്തിൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടായിരുന്നില്ല.
നേരത്തേ സി.എം.ആർ.എല്ലിൽനിന്നും കെ.എസ്.ഐ.ഡി.സിയിൽനിന്നും എസ്.എഫ്.ഐ.ഒ വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, എസ്.എഫ്.ഐ.ഒ നീക്കത്തിനെതിരെ എക്സാലോജിക്കും കെ.എസ്.ഐ.ഡി.സിയും കോടതിയെ സമീപിച്ചു. അന്വേഷണം നടക്കട്ടെയെന്നായിരുന്നു കോടതി നിലപാട്.
ഇതോടെ എസ്.എഫ്.ഐ.ഒ മറ്റു നടപടികളിലേക്ക് കടന്നു. എക്സാലോജിക് കമ്പനിയുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. വീണയുടെ എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയതായിരുന്നു ഇതിലൊന്ന്.
കേരളത്തിൽ മാത്രം 12 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. എക്സാലോജിക്കുമായുള്ള കരാറിന്റെ ഇടപാടിന്റെയും സ്വഭാവമായിരുന്നു നോട്ടീസിൽ ആരാഞ്ഞത്. ഉൽപന്നമോ സേവനമോ നൽകിയതിന് എക്സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, ഇൻവോയ്സ് വർക്ക് ഓർഡർ എന്നീ വിശദാംശങ്ങളും എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അന്വേഷണമെല്ലാം നിശ്ശബ്ദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.