‘തട്ടിക്കൊണ്ടുപോയവർ മാസ്ക് ധരിച്ചിരുന്നു, ജോൺസന്‍റെ മക്കളാണോ എന്ന് കാറിലിരുന്ന അങ്കിൾ ചോദിച്ചു’

ഓയൂർ: കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ മുമ്പും ഇവരെ പിന്തുടർന്നിരുന്നതായി വെളിപ്പെടുത്തൽ. തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ മറിയ (മിയ - ആറ്)യുടെ സഹോദരനാണ് ഇതുസംബന്ധിച്ച് പറഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ കാർ തങ്ങളുടെ അടുത്തുവന്ന് തട്ടിയിടാൻ ശ്രമിച്ചതായി മിയയുടെ സഹോദരൻ ഒമ്പതു വയസ്സുകാരൻ യോനാഥൻ പറഞ്ഞു. അതിൽപിന്നെ ഒരു കമ്പ് കൈയിൽ കരുതിയിരുന്നതായും അമ്മയോട് വിവരം പറഞ്ഞപ്പോൾ മിയയെ സൂക്ഷിക്കണേ എന്നാണ് പറഞ്ഞതെന്നും കുട്ടി പറഞ്ഞു. ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അബിഗേൽ സാറാ മറിയ (മിയ) മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

‘തട്ടിക്കൊണ്ടുപോയ കാറിന്‍റെ വാതിൽ തുറന്ന് ജോൺസന്‍റെ മക്കളാണോ എന്നാണ് അതിലിരുന്ന അങ്കിൾ ചോദിച്ചത്. അല്ല റെജിയുടെ മക്കളാണെന്ന് പറഞ്ഞെങ്കിലും മിയയെ വലിച്ചു കയറ്റുകയായിരുന്നു. വണ്ടിയിലുള്ള എല്ലാവരും മാസ്ക് ധരിച്ചിരുന്നു. ആസമയം റോഡിൽ വേറെ ആരും ഇല്ലായിരുന്നു’ -യോനാഥൻ പറഞ്ഞു.

സംഭവ സമയം കുട്ടികളുടെ അമ്മയുടെ അമ്മ ലില്ലിക്കുട്ടിയും പിതാവ് ജോണുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിതാവ് റെജി പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ നഴ്സും മാതാവ് സിജി കൊട്ടിയം കിംസ് ആശുപത്രി നഴ്സുമാണ്. സംഭവ സമയം ഇവർ ഇരുവരും ജോലിസ്ഥലത്തായിരുന്നു.

സംസ്ഥാന വ്യാപക തിരച്ചിൽ

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാന വ്യാപകമായ തിരച്ചിൽ. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളിലുമടക്കം തിങ്കളാഴ്ച രാത്രി മുതൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. ഹൈവേയിലടക്കം വാഹനപരിശോധന ശക്തമാക്കി. ഇതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞെങ്കിലും പിന്നീട്, നിഷേധിച്ചു. കാറിന്‍റെ നമ്പർ വ്യാജമെന്നാണ് പൊലീസ് പറഞ്ഞത്. എ.ഡി.ജി.പി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കുട്ടിയുടെ വീട്ടിലെത്തിയ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ സംഭവത്തിനു പിന്നിൽ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധമുള്ള ആരെങ്കിലുമാകാമെന്ന് പ്രതികരിച്ചു. പൊലീസ് ഫലപ്രദമായാണ് അന്വേഷിക്കുന്നതെന്നും ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സംഭവ സ്ഥലത്തെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജനപ്രതിനിധികളടക്കം ആയിരങ്ങളാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്.

Tags:    
News Summary - Child abducted for ransom in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.