മലപ്പുറം: ചൈൽഡ് ലൈൻ പ്രവർത്തനം മിഷൻ വാത്സല്യക്ക് കീഴിലേക്ക് ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നോട്ടീസ് നൽകി. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളം രണ്ടാം ഘട്ടത്തിലാണ്. ആദ്യഘട്ടത്തിലെ സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയത്. കേന്ദ്ര അണ്ടർ സെക്രട്ടറി മനോജ് കുമാർ പ്രഭാതാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയാണ് നോട്ടീസ് കാലയളവ്. ഇതിനകം ആദ്യഘട്ട സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലെയും ചൈൽഡ് ലൈൻ പ്രവർത്തനം എൻ.ജി.ഒകളെ പൂർണമായി ഒഴിവാക്കി മിഷൻ വാത്സല്യക്ക് കീഴിലേക്ക് മാറ്റണം. നിലവിൽ ചൈൽഡ് ലൈൻ െഹൽപ് ലൈൻ നമ്പറായ ‘1098’ വഴിയുള്ള സേവനം തുടരണം.
ഇതിനായി നിലവിലെ ചൈൽഡ് ലൈൻ ജീവനക്കാരെതന്നെ ഉപയോഗപ്പെടുത്തണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരിധിയിലേക്ക് ചൈൽഡ് ലൈനിന്റെ മാറ്റവും തുടർപ്രവർത്തനവും സുഗമമായി നടക്കുന്നുണ്ടെന്ന കാര്യവും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണം. അതേസമയം, ചൈൽഡ് ഹെൽപ് ലൈനിന്റെ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി) പ്രകാരം സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ അവരുടെ ഡബ്ല്യു.സി.ഡി കൺട്രോൾ റൂം, സി.എച്ച്.എൽ യൂനിറ്റുകൾ എന്നിവ നിശ്ചിത ജീവനക്കാരെ ഉപയോഗിച്ച് സജ്ജീകരിക്കണം. അഞ്ചാം ശമ്പള കമീഷന്റെ ശിപാർശ പ്രകാരം ജീവനക്കാർക്ക് ശമ്പളം നിശ്ചയിക്കാനും കഴിഞ്ഞ മാസം പുറത്തിറക്കിയ എസ്.ഒ.പിയിൽ നിർദേശമുണ്ട്.ചൈൽഡ് ഹെൽപ് ലൈനിന്റെ മാറ്റപ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കാൻ ഡബ്ല്യു.സി.ഡി കൺട്രോൾ റൂമുകൾക്കുള്ള വെബ്സൈറ്റ് വിലാസം, ചൈൽഡ് ഹെൽപ് ലൈൻ (സി.എച്ച്.എൽ) യൂനിറ്റുകൾക്കുള്ള സൈറ്റ് വിലാസങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും സി-ഡാക്കിന് നൽകാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. സി-ഡാക്കിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകൾക്കും (ഡി.സി.പി.യു) നിർദേശം നൽകിയിട്ടുണ്ട്.
മിഷൻ വാത്സല്യക്ക് കീഴിലുള്ള ചൈൽഡ് ഹെൽപ് ലൈൻ സംസ്ഥാന-ജില്ല ഭാരവാഹികളുമായി ഏകോപിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം 112’ ഹെൽപ് ലൈനുമായി സംയോജിപ്പിച്ച് പ്രവർത്തിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട ചൈൽഡ് ലൈൻ റീജനൽ റിസോഴ്സ് സെന്ററുകളും (ആർ.ആർ.സി) കേന്ദ്രീകൃത കാൾ സെന്ററുകളും (സി.സി.സി) അടച്ചുപൂട്ടണമെന്നും കേന്ദ്രം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.