കോഴിക്കോട്: ക്രിക്കറ്റ് പരിശീലനത്തിനായി അവധിയെടുത്തതിന്റെ പേരിൽ സ്കൂളിൽനിന്ന് പിരിച്ചുവിട്ട വിദ്യാർഥിയെ തിരിച്ചെടുക്കാൻ ബാലവകാശ കമീഷൻ ഉത്തരവ്. മാധവൻ എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെ നിയമവിരുദ്ധമായി പുറത്താക്കിയ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ് നടപടിക്കെതിരെയാണ് കമീഷൻ ഇടപെടൽ.
ക്രിക്കറ്റ് പരിശീലനത്തിനായി ഹെഡ്മാസ്റ്ററുടെ അനുവാദത്തോടെ മാധവൻ നീണ്ട അവധിയെടുത്തതിന്റെ പേരിൽ സ്‌കൂളിൽനിന്നു പുറത്താക്കാൻ നീക്കം നടക്കുന്ന വിവരം അച്ഛൻ അനൂപ് ഗംഗാധരനാണ് പുറത്തുവിട്ടത്. ഇതേ സ്‌കൂളിന്റെ പി.ടി.എ സിഡന്റ് സ്ഥാനത്തായിരുന്നു അനൂപ് ഗംഗാധരൻ. തന്നോടുള്ള ദേഷ്യത്തിന് മകനെ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളില്‍ നിന്നും പുറത്താക്കുകയായിരുന്നെന്ന് അനൂപ് ഗംഗാധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാൽ, 15 ദിവസത്തിനകം വിദ്യാർഥിയെ ഹാജരാക്കാൻ പല തവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാക്കിയില്ലെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു സ്‌കൂൾ മാനേജറായ ഫാദർ പയസിന്റെ പ്രതികരണം.
അധ്യയന വർഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരത്തിൽ സ്‌കൂളിൽ നിന്നും പുറത്താക്കുന്നത് കുട്ടിയുടെ ഉത്തമ താൽപര്യത്തിന് എതിരാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസിങ് വഴി നടന്ന ഹിയറിങ്ങിൽ അഡ്വ. ബബിത ബാൽരാജ്, റെനി ആന്റണി എന്നിവരായിരുന്നു കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. മാധവൻ, അനൂപ് ഗംഗാധരൻ, സെന്റ് ജോസഫ്സ് ബോയ്‌സ് എച്ച്.എസ്.എസ് ഹെഡ്‌മാസ്റ്റർ, കോഴിക്കോട് ഡി.ഡി.ഇ എന്നിവരും ഹിയറിങ്ങിൽ ഹാജരായി.
കഴിഞ്ഞ ആഴ്ച്ച ഡി.ഡി.ഇ ഓഫിസിൽ നടത്തിയ ഹിയറിങ്ങിൽ തന്നെ, കുട്ടിയെ പുറത്താക്കിയ രീതി നിയമപരമല്ല എന്ന കാര്യം പ്രത്യക്ഷത്തിൽ മനസ്സിലാക്കിയിരുന്നതായി ഡി.ഡി.ഇ അറിയിച്ചു. കുട്ടിയെ പുറത്താക്കിയത് തെറ്റാണെന്ന് വ്യക്തമാക്കിയ കമീഷൻ, ഈ അധ്യയന വർഷം കുട്ടിക്ക് ആ സ്‌കൂളിൽ തന്നെ പഠിക്കാനുള്ള അവകാശമുണ്ടെന്നും അതനുസരിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് സ്‌കൂൾ ഹെഡ്‌മാസ്റ്റർക്ക് നൽകണമെന്നും ഡി.ഡി.ഇയോട് നിർദേശിച്ചു. മാധവനെ തിരിച്ചെടുക്കുന്ന വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച അനൂപ് ഗംഗാധരൻ, ബാലാവകാശ കമ്മീഷനും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞു.
ലഹരി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ പോലും കുട്ടിയെ പുറത്താക്കാതെ അവരെ കറക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, അങ്ങേയറ്റം അച്ചടക്കമുള്ള വിദ്യാര്‍ത്ഥി ജീവിതം നയിക്കുകയും പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുകയും ചെയ്തിരുന്ന തന്റെ മകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതെന്ന് അനൂപ് ആദ്യത്തെ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
'കുറ്റം മറ്റൊന്നുമല്ല, കുട്ടിയുടെ അച്ഛനായ ഞാന്‍ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൊണ്ട് സ്‌കൂള്‍ അധികൃതരുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്തിരുന്നു എന്നുള്ളതാണ് കാരണം. ചോദ്യങ്ങള്‍ ഉയര്‍ത്തിയ അച്ഛനെ നിയമപരമായി നേരിടുന്നതിന് പകരം, മകനോട് പകരം വീട്ടാം എന്നായിരുന്നു മഹത്തായ പാരമ്പര്യമുള്ള സ്‌കൂളിന്റെ തലപ്പത്തുള്ളവര്‍ക്ക് തോന്നിയത്. അച്ഛനായ താന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിയലംഘനങ്ങളിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍, ചട്ടങ്ങളെല്ലാം മറികടന്ന് കൊണ്ട് ആദ്യം പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി. പിന്നീട് രണ്ടാമത്തെ ടേമില്‍ സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെ ക്രിക്കറ്റ് പരിശീലനത്തിന് പോയ മകന് അറ്റന്‍ഡന്‍സ് ഷോട്ടേജ് ഉണ്ടെന്ന കാരണം പറഞ്ഞ് അവനെയും സ്‌കൂളില്‍ നിന്നും പുറത്താക്കി' -അനൂപ് ഗംഗാധരന്‍ ആരോപിച്ചു.
ഞങ്ങളുടെ ചെക്കനെ, അഞ്ച് വര്‍ഷമായി അവന്‍ പഠിച്ചിരുന്ന സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്…. എത്ര മോശം കാര്യം ചെയ്താല്‍ പോലും ഏതെങ്കിലുമൊരു കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായൊരു വാര്‍ത്ത നിങ്ങള്‍ എത്ര തവണ കേട്ടിട്ടുണ്ട്?! ലഹരി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ പോലും, അദ്ധ്യാപകരോട് അങ്ങേയറ്റം മോശമായി സംസാരിച്ചാല്‍ പോലും, ഒരുപക്ഷെ അവരുമായി കൈയ്യാങ്കളി ഉണ്ടായാല്‍ പോലും, കുട്ടിയെ പുറത്താക്കാതെ അവരെ കറക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന കാലമാണിത്.
കുരുന്ന് മനസ്സുകളെ ഇത്തിരി പോലും വിഷമിപ്പിക്കാതെ അവരുടെ നല്ല നാളേയ്ക്കായി രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നില്‍ക്കുന്ന ഇങ്ങനെയുള്ളൊരു കാലത്താണ്, അങ്ങേയറ്റം അച്ചടക്കമുള്ള വിദ്യാര്‍ത്ഥി ജീവിതം നയിക്കുകയും പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുകയും ചെയ്തിരുന്ന മകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
കുറ്റം മറ്റൊന്നുമല്ല, കുട്ടിയുടെ അച്ഛനായ ഞാന്‍ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൊണ്ട് സ്‌കൂള്‍ അധികൃതരുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്തിരുന്നു എന്നുള്ളതാണ്. ചോദ്യങ്ങള്‍ ഉയര്‍ത്തിയ അച്ഛനെ നിയമപരമായി നേരിടുന്നതിന് പകരം, മകനോട് പകരം വീട്ടാം എന്നായിരുന്നു മഹത്തായ പാരമ്പര്യമുള്ള സ്‌കൂളിന്റെ തലപ്പത്തുള്ളവര്‍ക്ക് തോന്നിയത്. ചില സിനിമകളില്‍ നായകനോടുള്ള ദേഷ്യം നായകന്റെ വീട്ടുകാരോട് തീര്‍ക്കുന്ന തരംതാണ ഏര്‍പ്പാട് പോലെ… 'നിങ്ങള്‍ നിയമപരമായിട്ട് മാത്രം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ആളാണല്ലോ, അതുകൊണ്ട് നിങ്ങളുടെ മകന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കും നിയമനുസരിച്ച് മാത്രമേ പോവാന്‍ പറ്റുകയുള്ളു' എന്നാണ് മകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയാണ് എന്നറിയിച്ചുകൊണ്ട് സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ എന്നോട് യാതൊരു സങ്കോചവുമില്ലാതെ വ്യക്തമാക്കിയത്.
ഇനി നിയമപരമല്ലാതെ മകന്‍ ചെയ്ത കാര്യം എന്താണെന്നത് കൂടെ പറയണമല്ലോ. പത്താം വയസ്സ് മുതല്‍ ക്രിക്കറ്റ് പരിശീലിച്ച് വരുന്ന അവന്, അതിനോടുള്ള അഭിനിവേശം മൂത്ത്, മുഴുവന്‍ സമയ പ്രൊഫഷണല്‍ പരിശീലനത്തിന് താല്‍പര്യമുണ്ടായപ്പോള്‍, അതിനുള്ള അനുമതി ഹെഡ്മാസ്റ്ററോട് തേടുന്നു. സ്വന്തമായി പഠിച്ച് പരീക്ഷകള്‍ കൃത്യമായി എഴുതി മാര്‍ക്ക് കുറയാതെ നോക്കണമെന്നുമുള്ള വ്യവസ്ഥയില്‍ മകന്‍ കോഴിക്കോടിന് പുറത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പോവുന്നു.
സ്‌പോര്‍ട്‌സിന് മുന്‍ഗണന കൊടുക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ അറ്റന്‍ഡന്‍സ് നിയമങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതിനാല്‍, ഇത്തരത്തില്‍ പരിശീലനത്തിന് പോവുന്ന നിരവധി കുട്ടികള്‍ക്ക് മിക്ക സ്‌കൂളുകളിലും ഇളവുകള്‍ നല്‍കാറുണ്ട്. ഈ സ്‌കൂളില്‍ പോലും പല കുട്ടികളും ഇങ്ങനെ എല്ലാ കാലത്തും പോയിട്ടുമുണ്ട്. വാക്കാലുള്ള ഈ വ്യവസ്ഥയിന്മേല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പരിശീലനം തുടര്‍ന്ന് പോരുകയും, യൂട്യൂബിലെ വിക്ടേഴ്സ് ചാനല്‍ നോക്കി പാഠങ്ങള്‍ പഠിച്ച് പരീക്ഷയെഴുതുകയും, 85 ശതമാനത്തിലധികം മാര്‍ക്ക് നേടുകയും ചെയ്തിരുന്നു പതിനാല് വയസ്സുള്ള പയ്യന്‍.
ഈ വര്‍ഷം പോലും, ഒന്നാമത്തെ ടേമില്‍, അതായത് 2022 ജൂണ്‍ ആദ്യം സ്‌കൂള്‍ തുറന്നതിന് ശേഷം, പരീക്ഷകള്‍ക്കല്ലാതെ ഒറ്റ ദിവസം പോലും ക്ലാസുകള്‍ക്കായി പോവാതിരുന്നിട്ടും, ഫീസ് വാങ്ങുകയും ഓണപ്പരീക്ഷയ്ക്ക് ഇരിക്കാന്‍ സമ്മതിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം അവരുടെ അറിവോട് കൂടി തന്നെ കുട്ടി പരിശീലനത്തിനായി പോവുന്നു എന്നതാണല്ലോ. എന്നാല്‍ ഒന്നാമത്തെ ടേമിന്റെ അവസാനത്തില്‍, അച്ഛനായ ഞാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിയലംഘനങ്ങളിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍, ചട്ടങ്ങളെല്ലാം മറികടന്ന് കൊണ്ട് ആദ്യം പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് നിന്നും എന്നെ പുറത്താക്കുന്നു. പിന്നീട് രണ്ടാമത്തെ ടേമില്‍ മാത്രം മകന് അറ്റന്‍ഡന്‍സ് ഷോട്ടേജ് ഉണ്ടെന്ന കാരണം പറഞ്ഞ് അവനെയും സ്‌കൂളില്‍ നിന്നും പുറത്താക്കുന്നു.
അറ്റന്‍ഡന്‍സ് ഷോട്ടേജ് മാത്രമാണ് യഥാര്‍ത്ഥ വിഷയമെങ്കില്‍, ജൂണ്‍ മാസം തന്നെ ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ക്ക് പറയാമായിരുന്നു. അങ്ങനെയെങ്കില്‍ കുട്ടികളുടെ കായിക താല്‍പര്യത്തേയും ഒപ്പം തന്നെ പഠനം മുന്നോട്ട് കൊണ്ട് പോവാനുള്ള കഴിവിനെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്ന മറ്റേതെങ്കിലും സ്‌കൂളിലേക്ക് അവനെ ഞങ്ങള്‍ക്ക് ആദ്യമേ മാറ്റാമായിരുന്നു. എന്നാല്‍ അധ്യയന വര്‍ഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരത്തില്‍ പുറത്താക്കുമ്പോള്‍, കളിയും പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന കുട്ടിയുടെ ഒരു വര്‍ഷം നഷ്ടമാവുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുക എന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധികൃതരുടെ ധാര്‍മിക നിലവാരം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പഠനം തുടരണമെങ്കില്‍ ഡി.ഡി.ഇ/ ഡി.ഇ.ഒ ഓഫീസുകളില്‍ നിന്ന് അനുമതിപത്രം ഹാജരാക്കണം എന്നായിരുന്നു ഹെഡ്മാസ്റ്റര്‍ എനിക്കയച്ച രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കായിക പരിശീലനത്തിനായി സ്‌കൂളില്‍ നിന്നും അവധിയെടുക്കുന്നതിനെ കുറിച്ച് ഞാന്‍ ഒന്നരവര്‍ഷം മുന്‍പ് തന്നെ ഡി.ഡി.ഇ / ഡി.ഇ.ഒ ഓഫീസുകളില്‍ അന്വേഷിച്ചപ്പോള്‍, അങ്ങനെയൊരു അനുമതി രേഖാമൂലം നല്‍കാന്‍ ആ ഓഫീസുകള്‍ക്ക് കഴിയില്ല എന്നും, കായിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്ക് ഹെഡ്മാസ്റ്ററുടേയും ക്ലാസ് ടീച്ചറുടെയും അനുമതിയോടെ അതുമായി മുന്നോട്ട് പോവാം എന്നുമാണ് മറുപടി ലഭിച്ചിരുന്നത്. അതായത് പ്രസ്തുത ഓഫീസുകളില്‍ നിന്നും അങ്ങനെയൊരു അനുമതി രേഖാമൂലം ലഭിക്കില്ല എന്നത് നന്നായി അറിഞ്ഞുകൊണ്ട് തന്നെയാണ്, കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സ്‌കൂള്‍ അധികൃതര്‍ കരുക്കള്‍ നീക്കിയത്.
നേരത്തെ പറഞ്ഞ വ്യവസ്ഥയില്‍ പരീക്ഷകള്‍ മാത്രം എഴുതികൊണ്ട് പരിശീലനത്തിനായി അവധിയെടുക്കാന്‍, മകന്‍ ഇപ്പോള്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ്സിന്റെ അവസാനം വരെയെങ്കിലും അനുവദിക്കണം എന്ന് ഹെഡ്മാസ്റ്ററോട് മകന്റെ പേരില്‍ അപേക്ഷിച്ചിരുന്നു. എന്നിട്ടും അതിന്റെ മൂന്നാം നാള്‍ മകനെ പുറത്താക്കിയതായി എനിക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കുകയാണ് അദ്ദേഹം ചെയ്തത്. പൊതുവിദ്യഭ്യാസ സമ്പ്രദായത്തെ ശാക്തീകരിക്കുക എന്ന പ്രഖ്യാപിത നയവുമായി മുന്നോട്ട് പോകുന്ന ഒരു സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ്, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു പൊതുവിദ്യാലയത്തിന്റെ അധികൃതര്‍, സര്‍ക്കാര്‍ നയത്തെ തന്നെ തുരങ്കം വെയ്ക്കുന്ന ഇത്തരം നടപടി എടുക്കുന്നത്.
കായിക പരിശീലനത്തിനായി പോവുന്ന ഒരു കുട്ടിക്ക് അറ്റന്‍ഡന്‍സിലെ കുറവ് മറികടക്കാന്‍ നിയമപരമായി ഒരു പരിരക്ഷയും ലഭിക്കുന്നില്ല എന്ന ഗൗരവമേറിയ വിഷയത്തിലേക്കും കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സ്‌കൂളിന്റെ തലപ്പത്തുള്ളവരുടെ വ്യക്തിപരമായ താല്‍പര്യങ്ങളുടെയും ഔദാര്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഒരു കുട്ടിയുടെ കായിക സ്വപ്നങ്ങളുടെ ഗതി നിര്‍ണയിക്കപ്പെടുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേരുന്ന കാര്യമാണോ എന്നത് പൊതു വിദ്യാഭ്യാസവകുപ്പും കായികവകുപ്പും ചേര്‍ന്ന് ആലോചിക്കേണ്ട കാര്യമാണ്.
ഒരു കുട്ടിയുടെ മനസ്സിലെ ചിന്തകളെയും വികാരങ്ങളെയും ഒട്ടും മുഖവിലക്കെടുക്കാതെയുള്ള സ്‌കൂള്‍ അധികൃതരുടെ നടപടിയെക്കുറിച്ച് പരാതിപ്പെട്ട് കൊണ്ട്, ഈ വിഷയത്തില്‍ പൊതുവായുള്ള ഒരു മാര്‍ഗരേഖക്കായി ബാലാവകാശ കമ്മീഷനില്‍ ഒരു പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അക്കാദമിക്സിനേക്കാള്‍ സ്‌പോര്‍ട്ട്‌സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തന്നെ പോലുള്ള ആയിരക്കണക്കിന് കുട്ടികളെ പ്രത്യേക പരിഗണനയോടെ കാണണം എന്ന മകന്റെ അപേക്ഷ കമ്മീഷന്‍ പ്രാധാന്യത്തോടെ എടുക്കും എന്നാണ് പ്രതീക്ഷ. നിയമമാണോ നീതിയാണോ കുട്ടികളുടെ കാര്യത്തില്‍ പരിഗണിക്കപ്പെടുക എന്നതറിയാനായി കാത്തിരിക്കുകയാണ്.
ഞങ്ങളുടെ പൊന്നോമനയുടെ മുഖത്തെ പുഞ്ചിരി മായാതെ അവനെ ചേര്‍ത്ത് നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രക്ഷിതാവിനോടുള്ള പക തീര്‍ക്കാന്‍ കുട്ടിയുടെ പഠനം തന്നെ പ്രതിസന്ധിയിലാക്കി കൊണ്ട് ശിക്ഷിക്കുക എന്ന അത്യന്തം അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഈയൊരു സംഭവം കാരണമായിക്കൂട എന്ന നിര്‍ബന്ധമുള്ളത് കൊണ്ട് ഞങ്ങള്‍ ഇതിനെതിരെ പൊരുതുക തന്നെ ചെയ്യും. അവന്‍ നാളെ ക്രിക്കറ്റില്‍ ശോഭിച്ചാലും ഇല്ലെങ്കിലും, ചെയ്യാത്ത തെറ്റിനാണ് തന്നെ നിഷ്‌കരുണം സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് എന്ന് തിരിച്ചറിയാനും, ഈ ലോകം ഇങ്ങനെയൊക്കെ കൂടിയാണ് എന്ന വലിയ പാഠം ഉള്‍ക്കൊള്ളാനും അവന് ഇതിലൂടെ കഴിയുകയും ചെയ്യും.
മകനോട് സ്‌കൂള്‍ കാണിച്ച കൊടിയ അനീതിയെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം, ഈ സ്‌കൂള്‍ നടത്തുന്ന 'ഈശോസഭ' എന്ന മഹാപ്രസ്ഥാനത്തില്‍ നിന്നും മാര്‍പ്പാപ്പയായി ലോകത്തിന്റെ മനം കവര്‍ന്ന ഫ്രാന്‍സിസ് പാപ്പയുടെ വാചകമാണ് മനസ്സില്‍ തെളിയുന്നത്, 'A Society can be judged by the way it treats its children'.
~ അനൂപ് ഗംഗാധരന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.