വിവാദങ്ങൾക്കിടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ലളിത ചങ്ങമ്പുഴയെ വീട്ടിൽ സന്ദർശിച്ച് സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് അവർ സ്വീകരിച്ചതെന്നും മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചെന്നും ചിന്ത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്രയയച്ചതെന്നും കുറിപ്പിൽ പറയുന്നു.
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയ സ്ഥിതിക്ക് ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്നും ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചോദിച്ചിരുന്നു.
‘‘തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് ‘വാഴക്കുല’ തന്നെ അല്‍പം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി എഴുതണം. നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണം. രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാല്‍ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാർഥിയോട് ക്ഷമിക്കാനാകും, പക്ഷെ ഗൈഡിനോട് അത് പറ്റില്ല’’, എന്നിങ്ങനെയായിരുന്നു ലളിത ചങ്ങമ്പുഴയുടെ പ്രതികരണം.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിലൊന്നായ ‘വാഴക്കുല’യുടെ രചയിതാവിന്‍റെ പേര് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ തെറ്റിച്ചെഴുതിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. ‘വാഴക്കുല’യുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രോ-വി.സിയായിരുന്ന ഡോ. അജയകുമാറായിരുന്നു ഗൈഡ്.
പ്രബന്ധം കോപ്പിയടിച്ചതാണെന്ന പരാതിയും ഉയർന്നിരുന്നു. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം പകർത്തിയെന്നായിരുന്നു ആരോപണം. ചിന്തയുടെ ഗവേഷണ ബിരുദം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും സർവകലാശാല വി.സിക്കും നിവേദനം നൽകിയിരുന്നു.
ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്. ഒത്തിരി സ്നേഹം, വീണ്ടും വരാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.