മലപ്പുറം: മതത്തിന്റെ പേരിൽ പൗരത്വം നൽകുന്ന സി.എ.എ നിയമത്തിനെതിരെ എല്ലാവരുമായി യോജിച്ചതും നിയമപരവുമായ പോരാട്ടം നടത്താൻ മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു.
ഈ വിഷയത്തിൽ രണ്ടാംഘട്ട നിയമനടപടികൾ ആരംഭിച്ചതായി യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല. മതേതരത്വത്തിന്റെ പ്രശ്നമാണ്. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമാണ് ബി.ജെ.പി സർക്കാർ ഈ നിയമവുമായി രംഗത്തുവന്നത്.
ഈ സന്ദർഭത്തിൽ വൈകാരികമായി പ്രതികരിക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് യോഗം വിലയിരുത്തി. ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് പ്രശ്നത്തിന് പരിഹാരമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിഷേധത്തെ ആത്മാർഥമായി സമീപിക്കുന്നതാണ് ലീഗിന്റെ നയം. കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇൻഡ്യ മുന്നണി നേതാക്കളുമായി ലീഗ് നേതാക്കൾ ആശയവിനിമയം നടത്തി.
ബി.ജെ.പിയുടെ കുടില തന്ത്രമാണ് ഈ വിഷയത്തിൽ കണ്ടതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. പാർലമെന്റിൽ ചട്ടങ്ങൾ അവതരിപ്പിച്ചാൽ വലിയ പ്രതിഷേധമുണ്ടാവുമെന്ന് അവർക്കറിയാമായിരുന്നു. പൗരത്വംതന്നെ മതേതരമാണെന്നും ഇന്ത്യ എന്ന ആശയത്തിന് നിരക്കാത്തതാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകലെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന സി.എ.എ വിജ്ഞാപനത്തെ ശക്തമായി എതിര്‍ക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. പൗരത്വത്തെ മതപരമായി നിർവചിക്കുന്നത് മതേതരത്വത്തെ തകര്‍ക്കും. അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്‍ലിംകളോടുള്ള വിവേചനപരമായ സമീപനമാണിത്. മുസ്‍ലിം വംശജരായ പൗരന്മാരെ ലക്ഷ്യംവെക്കുന്നുവെന്ന ആശങ്ക സൃഷ്ടിക്കാന്‍ ഇടയാക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പുള്ള നീക്കം വിഭജനവും ധ്രുവീകരണവും ലക്ഷ്യം വെച്ചുള്ളതാണ്. നിയമം അസാധുവാക്കാനുള്ള ശ്രമങ്ങള്‍ തുടരും. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. മുസ്‍ലിം വിഭാഗത്തെ ലക്ഷ്യമിടുന്ന പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. സി.എ.എയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളുടെ അധികാരവും കവര്‍ന്നെടുക്കുന്ന തരത്തിലാണ് ചട്ടങ്ങള്‍. സി.എ.എ പാര്‍ലമെന്റ് പാസാക്കി നാലു വര്‍ഷം കഴിയുമ്പോഴാണ് വിജ്ഞാപനം ഇറക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ഇറക്കിയത് മതധ്രുവീകരണം മാത്രം ലക്ഷ്യംവെച്ചാണെന്നും പി.ബി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ന്യൂഡൽഹി: വിവേചനപരമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ അപലപിച്ച മുസ്‍ലിം സംഘടനകൾ അതിൽനിന്ന് പിന്മാറണമെന്ന് സംയുക്ത പ്രസ്താവനയിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങളോടെ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യമാണിതിന് പിന്നിലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് അസദ് മദനി, ജനറൽ സെക്രട്ടറി മൗലാന ഹകീമുദ്ദീൻ ഖാസ്മി, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ലാ ഹുസൈനി, ഉപാധ്യക്ഷന്മാരായ മുഹമ്മദ് സലീം, മലിക് മുഅ്തസിം ഖാൻ, ജംഇയ്യത്ത് അഹ് ലെ ഹദീസ് പ്രസിഡന്റ് മൗലാന അസ്ഗർ സലഫി, ഇമാറത്തെ ശരീഅ അമീർ മൗലാന ഫൈസൽ വലി റഹ്മാനി, മില്ലി കൗൺസിൽ ഉപാധ്യക്ഷന്മാരായ മൗലാന അനീസുർറഹ്മാൻ ഖാസിമി, മൗലാന യാസീൻ ഉസ്മാനി ബദായൂനി, ഡോ. സഫറുൽഇസ്‍ലാം ഖാൻ, സയ്യിദ് ഖാസിം റസൂൽ ഇല്യാസ്, മുജ്തബ ഫാറൂഖ് എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
കോഴിക്കോട്: ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കി അധികാരത്തിലേറാനും ഹിന്ദുത്വ വംശീയതയിലധിഷ്ഠിതമായ രാഷ്ട്രനിര്‍മിതി വേഗത്തിലാക്കാനുമുള്ള ശ്രമമാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിലൂടെ സംഘ്പരിവാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ്റഹ്മാന്‍ പ്രസ്താവനയിൽ പറഞ്ഞു.
ഹിന്ദുരാഷ്ട്ര നിര്‍മാണമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന നിയമം ഭരണഘടനവിരുദ്ധവും ഇന്ത്യന്‍ മതനിരപേക്ഷതയുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തോടുള്ള വിവേചനപരമായ നിയമമാണ് സംഘ്പരിവാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രാമപ്രതിഷ്ഠ നടത്തുകയും ചെയ്തതിന് ശേഷം പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ഹിന്ദുത്വ വംശീയതയിലധിഷ്ഠിതമായ രാഷ്ട്രനിര്‍മിതിയുടെ ഭാഗമാണ്.
ഇതൊരിക്കലും രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. നിയമം നിര്‍മിക്കുന്ന സന്ദര്‍ഭത്തില്‍തന്നെ രാജ്യവ്യാപകമായി ഉയര്‍ന്ന ജനകീയ പ്രക്ഷോഭം വിസ്മരിക്കരുതെന്നും മുജീബ്‌റഹ്മാന്‍ കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.
കുന്ദമംഗലം: പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിനുപകരം ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: പൗരത്വ ഭേദഗതിയിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘ്പരിവാര്‍ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സി.എ.എ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ അഞ്ചു വര്‍ഷമായിട്ടും പിന്‍വലിക്കാത്തവര്‍ സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് പറയുന്നതില്‍ ആത്മാർഥതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊൽകത്ത: പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ ഭരണഘടനവിരുദ്ധവും വിവേചനപരവുമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കാൻ അനുവദിക്കില്ലെന്നും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹബ്രയിൽ നടന്ന യോഗത്തിൽ സംസാരിക്കവേ മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.