തിരുവനന്തപുരം: പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതകൾ തേടി സംസ്ഥാന സർക്കാർ. കേരളത്തെ പ്രത്യക്ഷത്തിൽ ബാധിക്കില്ലെങ്കിലും മതം മാനദണ്ഡമാക്കിയുള്ള നിയമ നിർമാണം ഭരണഘടനാവിരുദ്ധമാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമവഴി തേടുന്നത്. 2019ൽ സി.എ.എയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാറിനെതിരെ സംസ്ഥാനം സ്യൂട്ട് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കങ്ങൾ.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുക. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ പ്രത്യേക അധികാരങ്ങളൊന്നും നൽകിയിട്ടില്ല. പൗരത്വ അപേക്ഷകൾ പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ രൂപവത്കരിക്കുന്ന എംപവേഡ് കമ്മിറ്റികളിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ പ്രതിനിധിയെ പ്രത്യേക ക്ഷണിതാവായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെല്ലാം കേന്ദ്രസർക്കാർ ഉന്നത ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ആവശ്യമാവില്ലെങ്കിൽ പോലും പ്രതിഷേധസൂചകമായി എംപവേഡ് കമ്മിറ്റി രൂപവത്കരിക്കാതെയുള്ള ഇടപെടലുകളും പ്രായോഗികമാകില്ല. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പൗരത്വ നിയമം നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ ഭരണഘടനയുടെ 256ാം അനുച്ഛേദപ്രകാരം കേന്ദ്ര സര്‍ക്കാറിന് സാധിക്കും. ഈ സാഹചര്യത്തിലാണ് നിയമവഴി തേടുന്നത്. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി അധികാരമില്ല. നിയമവഴി അല്ലെങ്കിൽ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുക എന്നത് മാത്രമാകും കേരളം ഉൾപ്പെടെ, നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന നടപടി. കേരളം, തമിഴ്നാട്, ബംഗാള്‍ സര്‍ക്കാറുകളും സി.എ.എ വിജ്ഞാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിജ്ഞാപനത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനും വിവിധ കേന്ദ്രങ്ങളില്‍ നടപടി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.