തിരുവനന്തപുരം: ഇടതുസർക്കാറിന്റെ അഭിമാനപദ്ധതിയായ കേരള ബാങ്കിന്റെ നാലാം പിറന്നാൾ ദിനമായ ഇന്ന് പണിമുടക്കും ഹെഡ് ഓഫിസിന് മുന്നിൽ കൂട്ട സത്യഗ്രഹവും പ്രഖ്യാപിച്ച് സി.ഐ.ടി.യു. കലക്ഷൻ ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വമോ വേതനവർധനയോ അനുവദിക്കാത്ത അധികൃത നിലപാടിൽ പ്രതിഷേധിച്ച് ലോൺ-െഡപ്പോസിറ്റ് കലക്ടേഴ്സ് യൂനിയൻ ഓഫ് കേരള (സി.ഐ.ടി.യു)യാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ല ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ചതോടെ നേരേത്തയുണ്ടായിരുന്ന ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണെന്ന് സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കേരള ബാങ്ക് രൂപവത്കരിക്കുന്ന ഘട്ടത്തിൽ എല്ലാവരെയും സംരക്ഷിക്കുമെന്ന് സർക്കാറും ബാങ്ക് അധികൃതരും ഉറപ്പ് നൽകിയിരുന്നു. ഇതൊന്നും പാലിക്കാത്തതിനെ തുടർന്ന് നിരവധി നിവേദനങ്ങൾ നൽകിയയെങ്കിലും ഒരു കാര്യവുമായുണ്ടായില്ല. തങ്ങളുടെ വിഷയം ബാങ്കും സർക്കാറും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ്. 'പാലം കടക്കുവോളം' എന്ന് പറയുമ്പോലെയാണ് തങ്ങളോടുള്ള സമീപനം.
സർക്കാറിന് പല കാരണങ്ങളുമുണ്ടെങ്കിലും തങ്ങളുടെ അടിസ്ഥാന കാരണം ഉപജീവനവും ജീവിതവുമാണ്. ഈ സാഹചര്യത്തിലാണ് സമരത്തിന് മുതിരുന്നത്. ചൊവ്വാഴ്ച ഹെഡ് ഓഫിസിന് മുന്നിൽ നടക്കുന്ന കൂട്ട സത്യഗ്രഹം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി എൻ. സുന്ദരൻപിള്ള, ടി.വൈ. ജോസ്, കെ. ലക്ഷ്മണൻ, എസ്. ലൈജ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.