മാനന്തവാടി: തന്നെ ആരും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ലെന്ന് സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനു. പ്രകാശന്‍ മൊറാഴ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രകാശന്‍ മൊറാഴ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അല്ല, വെറും അംഗം മാത്രമാണെന്നും സി.കെ ജാനു പ്രതികരിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം കൂടിയിട്ടില്ല. പ്രസിഡൻറായ തന്നെ പാര്‍ട്ടിയിലെ ഒരു സാധാരണ അംഗം എങ്ങനെയാണ് പുറത്താക്കുകയെന്നും ജാനു ചോദിച്ചു. ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ട് തിരിമറിയോ ഒരുവിധ സാമ്പത്തിക ഇടപാടുകളോ നടത്തിയിട്ടില്ല. ഇതൊക്കെ കെട്ടിച്ചമച്ച ആരോപണങ്ങളാണ്. കൊടകര കുഴല്‍പ്പണം കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സി.കെ. ജാനു രംഗത്തെത്തിയിരക്കുന്നത്.
15,198 വോട്ടുകളാണ് ഇത്തവണ ജാനുവിന് ലഭിച്ചത്. 2016നെ അപേക്ഷിച്ച് 12,722 വോട്ടുകൾ കുറഞ്ഞു. ബി.ജെ.പി നേതാക്കളുമായി ചേർന്ന് ജാനു വോട്ടുകച്ചവടവും സാമ്പത്തിക തിരിമറിയും നടത്തിയെന്ന ആരോപണമാണ് ജെ.ആർ.പി സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നത്. ഗോത്രമഹാസഭ വിട്ടാണ് ജാനു ജെ.ആർ.പി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.