തൃശൂർ: അമച്വർ നാടകവേദിയും റേഡിയോ നാടകങ്ങളും സ്വന്തം പേരിലാക്കിയ നാടക കാരണവർ സി.എൽ. ജോസിന് ആഘോഷങ്ങളില്ലാതെ ഇന്ന് നവതിയുടെ നിറവ്. വസതിയായ തൃശൂർ ലൂർദ്പുരത്ത് മക്കളും കുടുംബവുമൊത്തുള്ള ഉച്ചയൂണല്ലാതെ തൊണ്ണൂറാം പിറന്നാളിൽ ആഘോഷങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. ''എന്‍റെ സപ്തതിക്ക് തൃശൂരിൽ അതിഗംഭീരമായ പരിപാടി നടത്തിയില്ലേ, അതുമതി, ഇനിയില്ല ആഘോഷങ്ങൾ. ആയുസ്സ് ഇത്രയും നീട്ടിനൽകിയതിന് ദൈവത്തോട് നന്ദി മാത്രം'' -സി.എൽ. ജോസ് 'മാധ്യമ'ത്തോട് പറഞ്ഞു.
36 സമ്പൂർണ നാടകങ്ങൾ, 80ഓളം ഏകാംഗ നാടകങ്ങൾ, നിരവധി റേഡിയോ നാടകങ്ങൾ, ലേഖനങ്ങൾ... ഒമ്പത് പതിറ്റാണ്ടിന്‍റെ നീക്കിയിരിപ്പ് ഈ കണക്കുകളിലൊതുക്കാതെ ഇപ്പോഴും എഴുത്തിന്‍റെ തിരക്കിൽതന്നെയാണ് ജോസേട്ടൻ. ''കാലം മോശമായിപ്പോയി എന്ന് പരിതപിച്ച് സമയം കളഞ്ഞിട്ടെന്തു കാര്യം. വെറുതെ ഇരുന്നിട്ടില്ല, ഞാൻ. കോവിഡ് കാലത്തെ അവസ്ഥകളും അനുഭവങ്ങളും ചേർത്ത് ഏകാംഗ നാടകങ്ങളും ലേഖനങ്ങളും മറ്റുമായി 40 രചനകൾ നടത്തി'' -അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുംതന്നെ ഇല്ലെന്ന് പ്രസന്നവദനനായി പറയുമ്പോഴേ അറിയാം ഇനിയും ഒരു അങ്കത്തിനുള്ള ബാല്യമുണ്ടെന്ന്. ''രാവിലെ 5.30ന് എണീറ്റ് അര മണിക്കൂർ നടത്തം. പിന്നീട് യോഗ. ബൈബിൾ പാരായണം. വൈകീട്ടും അര മണിക്കൂർ നടത്തം''- അദ്ദേഹം ആരോഗ്യരഹസ്യം വെളിപ്പെടുത്തി.
20 കൊല്ലം മുമ്പാണ് സി.എൽ. ജോസിന്‍റെ സപ്തതി അതിഗംഭീരമായി നടത്തിയത്. സുകുമാർ അഴീക്കോടിന്‍റെ അധ്യക്ഷതയിൽ പ്രൗഢഗംഭീര പരിപാടിയായിരുന്നു അത്. ഇനി ആഘോഷമില്ലെന്ന് പറയാൻ ജോസേട്ടൻ ചൂണ്ടിക്കാട്ടിയത് 70ാം വയസ്സിലെ ഈ ആഘോഷമായിരുന്നു. ഏപ്രിൽ അവസാനവാരം തൃശൂർ പൗരാവലി സി.എൽ. ജോസിന് സ്വീകരണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽ ജോസേട്ടന് കിട്ടാത്ത സാഹിത്യ അംഗീകാരങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസം മലയാള നാടകവേദി സമഗ്രസംഭാവനക്ക് അബൂദബി ശക്തി അവാർഡും ലഭിച്ചു. എങ്കിലും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന അംഗീകാരം തന്‍റെ രണ്ട് നാടകങ്ങൾ എല്ലാ ഇന്ത്യൻ ഭാഷകളിലും ആകാശവാണിയിൽ സംപ്രേഷണം ചെയ്തതാണെന്ന് സി.എൽ. ജോസ് പറയുന്നു. മണൽക്കാട്, അഗ്നിവലയം എന്നീ നാടകങ്ങളായിരുന്നു അവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.